രാത്രി എട്ടു മണിയോടെ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ കടന്ന് പിടിക്കാൻ ഇയാൾ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

കോഴിക്കോട്: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഒമാൻ പൗരനെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. മുബാറക് മുഹമ്മദ് സെയ്ദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 16ന് കാപ്പാട് അങ്ങാടിയിലാണ് സംഭവം. രാത്രി എട്ടു മണിയോടെ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ കടന്ന് പിടിക്കാൻ ഇയാൾ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ചികിത്സാർത്ഥം ഒരു സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു ഒമാൻ പൗരൻ. യുവതിയുടെ പരാതി പ്രകാരം കേസെടുത്ത കൊയിലാണ്ടി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം മെഡിക്കൽ പരിശോധന നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏപ്രിൽ മൂന്നു വരെ റിമാന്റു ചെയ്തു.

അതേസമയം, പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്ലാങ്കാലയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ലിറ്റില്‍ ഫ്ലവര്‍ ഫൊറാന പള്ളി വികാരിയായിരുന്ന ബെനഡിക്ട് ആന്‍റോ(29) ആണ് അറസ്റ്റിലായത്. കെല്ലങ്ങകോട് ഫാത്തിമ നഗര്‍ സ്വദേശിയാണ് ഇയാള്‍. നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തതോടെ ബെനഡിക്ട് ആന്‍റോ ഒളിവില്‍ പോവുകയായിരുന്നു.

പ്രാർത്ഥനയ്ക്കെത്തിയ നഴ്സിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, നഗ്ന ചിത്രം പ്രചരിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

പേച്ചിപ്പാറയില്‍ വൈദികനായിരുന്ന സമയത്താണ് ബെനഡിക്ട് ആന്‍റോ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത്. പ്രാര്‍ത്ഥനയ്ക്കെത്തിയ യുവതിയെ ഇയാള്‍ സൗഹൃദം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പെണ്‍കുട്ടി നാഗര്‍കോവില്‍ എസ്പി ഓഫസില്‍ എത്തി പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

ബെനഡിക്ട് ആന്‍റോയ്ക്കെതിരെ സമാനമായ പരാതികള്‍ വേറെയും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒട്ടേറെ യുവതികളുമായുള്ള വൈദികന്‍റെ വാട്ട്സാപ്പ് ചാറ്റുകളുടെ വിവരങ്ങളും സ്വകാര്യ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവതിയുടെ പരാതിയില്‍ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് സൈബര്‍ ക്രൈം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഒളിവില്‍ പോയ പ്രതിയെ പിടികൂടാനായി പൊലീസ് രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നാഗര്‍കോവിലില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.