പൂന്തുറയിലാണ് സംരക്ഷിത വിഭാഗത്തിൽപ്പെട്ട ഡോള്‍ഫിനെ പല കഷണങ്ങളാക്കി  മുറിച്ച് വിൽപ്പനക്ക് ശ്രമിച്ചത്.

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ വലയിൽ കരുങ്ങിയ ഡോള്‍ഫിനെ (Dolphin) മുറിച്ച് വിൽപ്പന നടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു. ഇന്നു രാവിലെ തിരുവനന്തപുരം പൂന്തുറയിലാണ് സംരക്ഷിത വിഭാഗത്തിൽപ്പെട്ട ഡോള്‍ഫിനെ പല കഷണങ്ങളാക്കി മുറിച്ച് വിൽപ്പനക്ക് ശ്രമിച്ചത്. ബെനാൻസ് എന്നയാളുടെ ഉടസ്ഥയിലുള്ള ബോട്ടിൽ പുലർച്ചെ കൊണ്ടുവന്ന ഡോള്‍ഫിനെയാണ് മുറിച്ച് വിൽപ്പനക്ക് ശ്രമിച്ചത്.

പൂന്തുറ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസെത്തിയപ്പോള്‍ വിൽപ്പനക്ക് ശ്രമിച്ചവർ ഓടിരക്ഷപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കേസെടുത്തു. ഡോള്‍ഫിനെ പാലോടുള്ള വെറ്റിനറി കേന്ദ്രത്തിൽ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. സംരക്ഷിത ഇനത്തിൽപ്പെട്ട ഡോള്‍ഫിനെ വേട്ടയാടുന്നതും വിൽക്കുന്നതും കുറ്റകരമാണ്. ഇത് ലംഘിച്ചതിനാണ് കേസെടുത്തത്.

YouTube video player

മണ്ണുത്തിയിലെ മനുവര്‍ണ വിത്ത് ചതിച്ചു, ഉണ്ടായത് കൃഷി നാശം, നഷ്ടപരിഹാരം ലഭിക്കാതെ ചീക്കലൂരിലെ കര്‍ഷകര്‍

കൽപ്പറ്റ: ബ്ലാസ്റ്റ് രോഗബാധയെ തുടർന്ന് നെൽകൃഷി (Paddy cultivation) പൂർണമായി നശിച്ച വയനാട് (Wayanad) ചീക്കലൂരിലെ കർഷകർക്ക് നഷ്ടപരിഹാരം വൈകുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയിൽ നിന്ന് വാങ്ങിയ മനുവര്‍ണ വിത്തുപയോഗിച്ച പാടങ്ങളിലായിരുന്നു രോഗബാധ. വാഗ്ദാനങ്ങൾ നൽകി സർക്കാർ വഞ്ചിച്ചതിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചിരിക്കുകയാണ് കർഷകർ.

ചീക്കുല്ലൂരിലെ 250 ഏക്കറിലധികം വരുന്ന നെൽക്കൃഷിയാണ് അഞ്ച് മാസങ്ങൾക്ക് മുൻപ് ബ്ലാസ്റ്റ് രോഗബാധയെ തുടർന്ന് കരിഞ്ഞുണങ്ങിയത്. മണ്ണുത്തി വിത്തുത്പാദന കേന്ദ്രത്തിൽ നിന്നാണ് ഇവിടേക്ക് കർഷകർ മനുവർണ എന്ന വിത്തിറക്കിയത്. ഏറെ ഗുണമേന്മയുള്ള വിത്താണിതെന്നായിരുന്നു ബന്ധപ്പെട്ടവർ അറിയിച്ചത്. 

എന്നാൽ മനുവർണ്ണ വിത്തിറക്കിയ കർഷകർ വഞ്ചിതരായി. ആദിവസികൾ ഉൾപ്പടെയുള്ള 80 കർഷകർക്കായി ഒന്നേക്കാൽ കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. നെൽക്കതിരുകൾ വന്ന കർഷകർക്ക് ഏക്കറിനു 14,000 രൂപ വീതം അടിയന്തരമായി നഷ്ടപരിഹാരം നൽകുമെന്ന് കൃഷി ഓഫീസർ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പ്രളയ കാലത്ത് വലിയ നഷ്ടങ്ങൾ നേരിട്ടവരാണ് ചീക്കല്ലൂരിലെ നെൽ കർഷകർ. സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് സമരപരിപാടികളിലേക്ക് നീങ്ങാനാണ് കർഷകരുടെ തീരുമാനം.