കാരാളിക്കോണം ജംഗ്ഷന് സമീപം റോഡിലൂടെ പത്തുവയസുകാരനുമായി നടന്നുവരുകയായിരുന്ന വീട്ടമ്മയുടെ മാലയാണ് ആഡംബര ബൈക്കിലെത്തിയ മുഹമ്മദലിയും കൂട്ടാളിയും ചേർന്ന് കവരാൻ ശ്രമിച്ചത്...

കൊല്ലം: വഴിയാത്രക്കാരിയുടെ മാലപെട്ടിക്കാൻ ശ്രമിച്ച രണ്ടംഗ സംഘംത്തിലെ ഒരാൾ കൊല്ലം ചടയമംഗലത്ത് അറസ്റ്റിലായി. വീട്ടമ്മയുടെ മാല പൊട്ടിക്കുന്നതിനിടെ നാട്ടുകാരാണ് കള്ളനെ പിടികൂടി പൊലീസിലേൽപ്പിച്ചത്. കൊട്ടിയം പ്രാക്കുളം സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ മുഹമ്മദ് അലിയാണ് പിടിയിലായത്. 

കാരാളിക്കോണം ജംഗ്ഷന് സമീപം റോഡിലൂടെ പത്തുവയസുകാരനുമായി നടന്നുവരുകയായിരുന്ന വീട്ടമ്മയുടെ മാലയാണ് ആഡംബര ബൈക്കിലെത്തിയ മുഹമ്മദലിയും കൂട്ടാളിയും ചേർന്ന് കവരാൻ ശ്രമിച്ചത്. ആളൊഴിഞ്ഞ വളവിൽവെച്ച് കുട്ടിയെ പിടിച്ചു റോഡിൽ തള്ളിയിട്ടു. പരിഭ്രാന്തയായ വീട്ടമ്മയുടെ മാല പൊട്ടിക്കാനായി മുഹമ്മദലി ഇവരെ കയറി പിടിച്ചു. 

എന്നാൽ പിടി വീണത് വീട്ടമ്മയുടെ വസ്ത്രത്തിലായിരുന്നു. തുടർന്ന് ഇവരെ കീഴ്പെടുത്തി മാലപൊട്ടിക്കാനായി ശ്രമം. വീട്ടമ്മയുടെ നിലവിളി കേട്ട് അതുവഴി വന്ന കാർ യാത്രക്കാർ ഇറങ്ങിയതോടെ മുഹമ്മദ് അലി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാഹനയാത്രക്കാർ പിടികൂടി. മുഹമ്മദ് അലി പിടിയിലായത് കണ്ടു ബൈക്കിലുണ്ടായിരുന്ന കൂട്ടുപ്രതി ബൈക്കുമായി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.