തലസ്ഥാനത്ത് ചികിത്സയ്ക്കെത്തിയ വിദേശ വനിതക്ക് നേരെ അതിക്രമശ്രമം, രക്ഷിച്ചയാൾക്ക് മർദ്ദനം, അഞ്ചിൽ ഒരാൾ പിടിയിൽ
തലസ്ഥാനത്ത് വിദേശ വനിതയ്ക്ക് നേരെ അതിക്രമം നടത്താൻ അഞ്ചംഗ സംഘത്തിൻ്റെ ശ്രമം എന്ന് പരാതി. വിഴിഞ്ഞം അടിമലത്തുറയിൽ ആണ് സംഭവം.

തിരുവനന്തപുരം: തലസ്ഥാനത്ത് വിദേശ വനിതയ്ക്ക് നേരെ അതിക്രമം നടത്താൻ അഞ്ചംഗ സംഘത്തിൻ്റെ ശ്രമം എന്ന് പരാതി. വിഴിഞ്ഞം അടിമലത്തുറയിൽ ആണ് സംഭവം. രക്ഷപ്പെടുത്തിയ വെസ്റ്റ് ബംഗാൾ സ്വദേശിയെ മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. വിദേശ വനിതയെ ശല്യം ചെയ്ത കേസിൽ ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അടിമലതുറ ഹൗസ് നമ്പർ 685-ൽ താമസിക്കുന്ന ശിലുവയ്യൻ (35) ആണ് വിഴിഞ്ഞം പൊലീസിൻ്റെ പിടിയിലായത്. കൂട്ടു പ്രതികളായ മറ്റു നാല് പേരെ പിടികൂടാനായിട്ടില്ല എന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ 31- നു രാത്രി 10 മണിയോടെയാണ് സംഭവം. അടിമലത്തുറ വഴി വരുകയായിരുന്ന ആയുർ സോമ ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കായി താമസിക്കുന്ന വിദേശ വനിതക്ക് നേരെ ടാക്സി ഡ്രൈവറായ ശിലുവയ്യൻ്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം നടത്താൻ ശ്രമിച്ചു എന്നാണ് പരാതി.
രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ അയൂർ സോമ ആശുപത്രിയിലെ ചീഫ് ചെഫ് ആയ വെസ്റ്റ് ബംഗാൾ സ്വദേശി എസ്കെ രാജ സംഭവം തടയാൻ ശ്രമിക്കുന്നതിനിടയിൽ യുവതി രക്ഷപ്പെട്ട് ആയുർവേദ ആശുപത്രിയിൽ അഭയം നേടുകയായിരുന്നു. തുടർന്ന് അഞ്ചംഗം സംഘം രാജയെ മാരകമായി ആക്രമിക്കുകയും സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് യുവതിയും, ഹോട്ടൽ മാനേജ്മെന്റും പരാതി നൽകിയതിന് പിന്നാലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർ എത്തി ദ്വിഭാഷിയുടെ സഹായത്തോടെ വിദേശ വനിതയുടെ മൊഴി എടുത്തു.
Read more: വനിത നേതാവിന് അശ്ലീല സന്ദേശം, സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ പുറത്താക്കി
തുടർന്ന് വിഴിഞ്ഞം സി ഐ പ്രജീഷ് ശശി യുവതിയെ നേരിൽ കണ്ട് മൊഴി രേഖപ്പെടുത്തി കേസ് എടുക്കുകയായിരുന്നു. പിന്നാലെ രാജയുടെ പരാതിയിലും പ്രതികൾക്കെതിരെ അസഭ്യം പറയൽ, ആക്രമിച്ചു പരിക്ക് എൽപ്പിക്കൽ, ആയുധം കൊണ്ടുള്ള ആക്രമണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസ് എടുത്തു. സിറ്റി പൊലീസ് കമ്മീഷണർ നാഗരാജുവിന്റെ നിർദേശനുസരണം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അജിത്, ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷ്ണർ ഷാജി എന്നിവരുടെ നേതൃത്വത്തിൽ വിഴിഞ്ഞം സി ഐ പ്രജീഷ് ശശി, എസ്.ഐ സമ്പത് ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.