ഉദ്യോഗസ്ഥരെത്തുമ്പോള്‍ ഒരുക്കമെല്ലാം പൂര്‍ത്തിയാക്കി വിവാഹച്ചടങ്ങിനുള്ള തയാറെടുപ്പിലായിരുന്നു വീട്ടുകാര്‍.

മലപ്പുറം: ബാലവിവാഹം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ 17കാരിയുടെ വിവാഹം തടഞ്ഞു. കരുളായി ഐസിഡിഎസ് സൂപ്പര്‍വൈസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാളികാവ് ഐസിഡിഎസ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ കരുളായി പഞ്ചായത്തിലെ തൊണ്ടിയിലെത്തി വിവാഹം തടഞ്ഞത്. 

ഉദ്യോഗസ്ഥരെത്തുമ്പോള്‍ ഒരുക്കമെല്ലാം പൂര്‍ത്തിയാക്കി വിവാഹച്ചടങ്ങിനുള്ള തയാറെടുപ്പിലായിരുന്നു വീട്ടുകാര്‍. ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും നിയമവശങ്ങള്‍ ബോധവത്കരിക്കുകയും ചെയ്തു. ഉടന്‍ കോടതിയെ സമീപിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കാളികാവ് ഐസിഡിഎസ് സിഡിപി സുബൈദ പറഞ്ഞു. കരുളായി ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുജാത മണിയില്‍, സ്റ്റാഫ് അംഗങ്ങളായ മനു രവീന്ദ്രന്‍, വിഷ്ണുവര്‍ധന്‍, രജീഷ് ഗോപി എന്നിവരടങ്ങിയ സംഘമാണ് വീട് സന്ദര്‍ശിച്ച് നിയമനടപടി സ്വീകരിച്ചത്.

കോഴിക്കോട് ചാലിയത്ത് ശൈശവ വിവാഹം ചൈൽഡ് ലൈൻ തടഞ്ഞു

കോഴിക്കോട്:കടലുണ്ടി ചാലിയം ജംഗ്ഷൻ ഫാറൂഖ് പള്ളി പ്രദേശത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ തടഞ്ഞു. പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ വിവാഹക്കാര്യം അറിഞ്ഞതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഇടപെട്ടു. കോടതി മുഖേന വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേടുകയും ഇന്ന് നടക്കാനിരുന്ന ചടങ്ങ് തടയുകയുമായിരുന്നു. കൗൺസിലിംഗിനായി കുട്ടിയെ ചൈൽഡ് ലൈൻ കേന്ദ്രത്തിലേക്ക് മാറ്റി. 

ജില്ലാ കലക്ടർ, സബ് കലക്ടർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, വനിതാ ശിശു വികസന വകുപ്പ്, ചൈൽഡ് മാരേജ് പ്രൊഹിബിഷൻ ഓഫീസർ, ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ബേപ്പൂർ പോലീസ്, ജുവനൈൽ പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്. 

ശൈശവ വിവാഹത്തിന് പ്രേരിപ്പിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1098 എന്ന ചൈൽഡ് ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നവർക്ക് 2500 രൂപ പാരിതോഷികം ലഭിക്കുന്നതാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Read Also: ഇടുക്കി തോട്ടം മേഖലകളിൽ ബാലവിവാഹങ്ങൾ കൂടി; ലോക്ഡൗൺ സമയത്ത് മാത്രം നടന്നത് 7 വിവാഹങ്ങൾ