തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
വെളളിയാഴ്ച രാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങിയ സ്ത്രീയാണ് കിഴക്കേകോട്ടയിൽ നിന്നും ഓട്ടോയിൽ കയറി. യാത്രക്കാരിക്ക് പോകേണ്ട വഴിക്ക് പകരം മറ്റൊരു വഴിയാണ് ഡ്രൈവർ ജിയാസ് വാഹനം കൊണ്ടുപോയത്.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ യാത്രക്കാരിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം. രാത്രിയിലെ യാത്രക്കിടെയാണ് ആളില്ലാത്ത സ്ഥലത്തുവച്ച് ഡ്രൈവർ ജിയാസ് സ്ത്രീയെ ഉപദ്രവിച്ചത്. ഓട്ടോയിൽ നിന്നും ഇറങ്ങിയോടിയാണ് സ്ത്രീ രക്ഷപ്പെട്ടത്. പ്രതിയെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
വെളളിയാഴ്ച രാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങിയ സ്ത്രീ കിഴക്കേകോട്ടയിൽ നിന്നും ഓട്ടോയിൽ കയറി. യാത്രക്കാരിക്ക് പോകേണ്ട വഴിക്ക് പകരം മറ്റൊരു വഴിയാണ് ഡ്രൈവർ ജിയാസ് വാഹനം കൊണ്ടുപോയത്. മുട്ടത്തറയിൽ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സ്ത്രീയെ പ്രതി ഉപദ്രവിച്ചു. നിലവിളിച്ചപ്പോള്‍ വാ പൊത്തിപിടിച്ചു മർദ്ദിച്ചു. ഇതിന് ശേഷം സ്ത്രീയെ ഭീഷണിപ്പെടുത്തി ഓട്ടോയിൽ ബീമാപ്പള്ളി ഭാഗത്തേക്ക് കൊണ്ടുപോയി. ഒരു ലോഡ്ജിന്റെ മുന്നിൽ വാഹനം നിർത്തിയപ്പോള്‍ സ്ത്രീ പുറത്തേക്ക് ഇറങ്ങിയോടി സെക്യൂരിറ്റിയോട് സഹായം തേടി. അപ്പോഴേക്കും ഓട്ടോയുമായി ജിയാസ് രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് ജിയാസിനെ ഫോർട്ട് പൊലീസ് അറസ്ററ് ചെയ്തത്. ജിയാസിനെതിരെ മുമ്പ് ഒരു പോക്സോ കേസുമുണ്ട്.