നൂറ്, 200, അൻപത് രൂപയുടെ കള്ളനോട്ടുകളാണ് ജോർജ്ജിന്റെ കൈയ്യിൽ നിന്നും കണ്ടെത്തിയത്

തൃശ്ശൂർ: തൃശൂരിൽ ഓട്ടോ ഡ്രൈവറുടെ പക്കൽ നിന്ന് 5000 രൂപയുടെ കള്ളനോട്ട് പിടികൂടി. ഡ്രൈവർ കട്ടിലപൂവ്വം സ്വദേശി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. 38 വയസുകാരനാണ് ജോർജ്. ഓട്ടോയിലെ യാത്രക്കാർക്കാണ് ഇയാൾ കള്ളനോട്ട് കൈമാറിയിരുന്നത്. നൂറ്, 200, അൻപത് രൂപയുടെ കള്ളനോട്ടുകളാണ് ജോർജ്ജിന്റെ കൈയ്യിൽ നിന്നും കണ്ടെത്തിയത്.

കള്ളനോട്ടുകൾ ക്രമാതീതമായി വർധിച്ചെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട്

രാജ്യത്തെ കള്ളനോട്ടുകളുടെ (Fake currency) എണ്ണം ക്രമാതീതമായി വർധിച്ചെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട് (Reserve Bank Report). 2021-22 സാമ്പത്തിക വർഷത്തിൽ എല്ലാ നോട്ടുകളുടെയും വ്യാജ നോട്ടുകൾ വർധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 500 രൂപയുടെ വ്യാജനോട്ടിൽ 101.9 ശതമാനവും 2000 രൂപയുടെ വ്യാജ നോച്ചിൽ 54.16 ശതമാനവും വർധിച്ചെന്ന് ആർബിഐ കണ്ടെത്തി. റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം 2020-21 സാമ്പത്തിക വർഷത്തിൽ 500 രൂപാ നോട്ടിന്റെ 39,451 വ്യാജ നോട്ടുകളാണ് കണ്ടെത്തിയത്. എന്നാൽ 2021-22 സാമ്പത്തിക വർഷത്തിൽ 79,669 വ്യാജ നോട്ടുകൾ കണ്ടെത്തി (101.9 ശതമാനം വർധന). 2020-21 സാമ്പത്തിക വർഷത്തിൽ 2000 രൂപാ നോട്ടിന്റെ 8798 വ്യാജ നോട്ടുകളാണ് കണ്ടെത്തിയതെങ്കിൽ 2021-22 സാമ്പത്തിക വർഷത്തിൽ 13,604 നോട്ടുകൾ കണ്ടെത്തി. 

വർക്കലയിൽ യുവാവിനെ കഴുത്തിൽ കുത്തിയ കേസ്: പ്രതികളെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വർക്കലയിൽ യുവാവിനെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവിനെ ബാറിൽ കൊണ്ടുപോയി മദ്യം കുടിപ്പിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമായ ആക്രമണം. കഴുത്തിന് സാരമായി പരിക്കേറ്റ യുവാവ് ഇപ്പോഴും ആശുപത്രിയിലാണ്. വർക്കല റാത്തിക്കൽ സ്വദേശി റിയാദ്, താഴെ വെട്ടൂർ സ്വദേശി മുഹമ്മദ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്.

വർക്കല റാത്തിക്കൽ സ്വദേശി സാബിനാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ ബന്ധു ഷാജഹാന്റെ സുഹൃത്തുക്കളാണ് സാബിനെ മർദ്ദിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ആയിരുന്നു ആക്രമണം. ഷാജഹാനെ ബാറിൽ കൊണ്ടുപോയി മദ്യം വാങ്ങി നൽകിയത് സാബിൻ ചോദ്യം ചെയ്തതായിരുന്നു ആക്രമിക്കാനുള്ള പ്രകോപനം.

ആക്രമണത്തിന് ഇടയിൽ പ്രതികളിലൊരാളായ റിയാദ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സാബിന്റെ കഴുത്തിൽ ആഞ്ഞു കുത്തുകയായിരുന്നു. സാബിൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും കഴുത്തിന് മാരകമായ മുറിവേറ്റു. ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.