നെയ്യാറ്റിൻകരയിൽ ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ
ദിനേശ് കുമാറിനെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അവണാ കുഴി ജംഗ്ഷനിൽ നിൽക്കുമ്പോൾ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്.
തിരുവനന്തപുരം: നെയ്യാറ്റിൻകര അവണാകുഴിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നു പേർ പിടിയിൽ. കോട്ടുകാൽ പെരിങ്ങോട്ടുകോണം സ്വദേശി തമ്പി എന്ന് വിളിക്കുന്ന അനന്തു (23), വെൺപകൽ സ്വദേശി അഭിജിത്ത് (25), വെൺപകൽ ചൂണ്ട വിളാകം സ്വദേശി അനന്തു ( 19 ) എന്നിവരെയാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്
അവണാകുഴി സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ ദിനേശ് കുമാറിനെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അവണാ കുഴി ജംഗ്ഷനിൽ നിൽക്കുമ്പോൾ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതികൾ ഓട്ടോയിൽ ചാരി നിന്നത് ദിനേശ് കുമാർ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. തുടർന്ന് ഓട്ടോറിക്ഷ അടിച്ചു തകർക്കാൻ പ്രതികൾ ശ്രമിച്ചു. അത് തടയാൻ ശ്രമിച്ച ഡ്രൈവറെ കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ച ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
ഗുരുതര പരിക്കുകളോടെ ദിനേശ് കുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നെയ്യാറ്റിൻകര എസ് എച്ച് ഓ, പ്രവീണിന്റെ നേതൃത്വത്തിൽ എസ് ഐ ആശിഷ് കുമാറും സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കാഞ്ഞിരംകുളം, നെയ്യാറ്റിൻകര സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകളിൽ പ്രതികളാണ് ഇവർ. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം