വെള്ളം എടുക്കുന്നതിനായി യുവതി അകത്തേയ്ക്ക് പോയ സമയം ഇയാൾ വീടിനുള്ളിൽ കയറി. തുടര്‍ന്ന് മുൻ വശത്തെ വാതിൽ കുറ്റിയിട്ടു. 

ഇടുക്കി: അതിഥി തൊഴിലാളിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം. കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടിലെത്തിയ ആള്‍ യുവതി വെള്ളമെടുക്കാന്‍ പോയപ്പോള്‍ പുറകെ ചെന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ കുളപ്പാറചാൽ കാഞ്ഞിരം മൂട്ടിൽ സിജു ക്ലീറ്റസിനെ പൊലീസ് പിടികൂടി. ഓട്ടോ ഡ്രൈവറായ സിജു, രാജകുമാരി ബി ഡിവിഷന് സമീപത്ത് കൂടി പോകുന്നതിനിടെയാണ് യുവതി താമസിക്കുന്ന വീടിന് സമീപത്ത് ഓട്ടോ നിര്‍ത്തി വെള്ളം ചോദിച്ച് വീട്ടിലേക്ക് ചെന്നത്. വെള്ളം എടുക്കുന്നതിനായി യുവതി അകത്തേയ്ക്ക് പോയ സമയം ഇയാൾ വീടിനുള്ളിൽ കയറി.

തുടര്‍ന്ന് മുൻ വശത്തെ വാതിൽ കുറ്റിയിട്ടു. ഈ സമയം അടുക്കളയിലേക്ക് വെളളമെടുക്കാനായി പോവുകയായിരുന്ന യുവതിയുടെ പിന്നാലെ ചെന്ന് കയറിപ്പിടിക്കുകയായിരുന്നു. സിജു പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കുറതി മാറിയ യുവതി അടുക്കള വാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പുറകെ എത്തിയ സിജു യുവതിയെ വലിച്ച് നിലത്തിട്ടു.തുടര്‍ന്ന് അടുക്കളയില്‍ നിന്നും ഇയാള്‍ യുവതിയെ വലിച്ചിഴക്ക് കിടപ്പ് മുറിയിലേക്ക് കൊണ്ടുപോയി. തുടർന്ന് സിജു, യുവതി രക്ഷപ്പെടാനായി തുറന്ന അടുക്കള വശത്തെ വാതിൽ അടക്കാൻ ശ്രമിക്കുന്ന സമയത്ത് യുവതി മുൻവശത്തെ വാതിൽ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വിവരം സമീപവാസികളെ അറിയിച്ചു. സംഭവം അറിഞ്ഞ അയല്‍വാസികളും നാട്ടുകാരും യുവതിയുടെ വീട്ടിലേക്ക് എത്തിയെങ്കിലും സിജു ഇവിടെ നിന്നും ഓട്ടോയുമായി രക്ഷപ്പെട്ടിരുന്നു. രാജാക്കാട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സിജുവിനെ അറസ്റ്റ് ചെയ്തത്.