മൂന്നാര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടാറിക്ഷ കാട്ടാന തകര്‍ത്തു. കെഡഎച്ച്പി കമ്പനി പെരിയവര എസ്റ്റേറ്റ് ചോലമല ഡിവിഷനിലെ താമസക്കാരായ പീറ്റര്‍ - ഉമ ദമ്പതികളുടെ ഓട്ടോയാണ് കാട്ടാന തകര്‍ത്തത്. 

കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗമായിരുന്ന ഓട്ടോയാണ് തകര്‍ന്നത്. ഞായറാഴ്ച രാത്രി 1.30 മണിയോടെ എത്തിയ കാട്ടാന വീട്ടിനു മുമ്പില്‍ നിര്‍ത്തിയിരുന്ന ഓട്ടോ കൊമ്പുകൊണ്ട് കോര്‍ത്ത് കുത്തിമറിച്ചിട്ടു. 

ഏറെ നേരം ലയത്തിനു സമീപം നിലയുറപ്പിച്ച ശേഷമാണ് കാട്ടാന കാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ഈ ലയത്തിനു സമീപമെത്തിയ കാട്ടാന വീടിനു സമീപത്തുണ്ടായിരുന്ന വാഴകള്‍ നശിപ്പിച്ചിരുന്നു.  ഓട്ടോറിക്ഷകൾ കാട്ടാന തകര്‍ക്കുന്നത് പതിവാണ്.

കാട്ടാന ശല്യം തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എസ്റ്റേറ്റ് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. മാസങ്ങള്‍ക്കു മുമ്പ് ഇതേ എസ്റ്റേറ്റിലെ ഫാക്ടറി ഡിവിഷനു സമീപത്തെ വീട്ടിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷാകളും മോട്ടോര്‍ ബൈക്കുകകളും കാട്ടാന തകര്‍ത്തിരുന്നു.