Asianet News MalayalamAsianet News Malayalam

കൈത്തറിയിൽ ദേശീയപതാക നെയ്ത് നെയ്ത്ത് തൊഴിലാളി അയ്യപ്പൻ

വളരെ സൂക്ഷ്മതയോടെയുള്ള ഈ ഉദ്യമത്തിന് 7 ദിവസത്തെ പ്രയത്നം വേണം. ഇത്തരത്തിൽ ദേശീയപതാക നെയ്തെടുക്കുന്നതിന് ഏഴായിരത്തോളം രൂപയാണ് ചെലവ് വരുന്നത്. 

Ayyappan weaves the national flag on handloom
Author
Thiruvananthapuram, First Published Nov 15, 2021, 9:32 AM IST

തിരുവനന്തപുരം: കൈത്തറിയിൽ ദേശീയപതാക (National Flag) നെയ്ത് പരമ്പരാഗത കൈത്തറിവ്യവസായത്തിൽ (Handloom) പുതിയൊരു അദ്ധ്യായം കുറിക്കാനൊരുങ്ങുകയാണ് നെയ്ത്ത് തൊഴിലാളിയായ അയ്യപ്പൻ. പരമ്പരാഗത കൈത്തറി വ്യവസായത്തെ തച്ചുടച്ച് പവർലൂംസ് (power loom) തുണിത്തരങ്ങൾ വിപണിമൂല്യം ഉയർത്തുമ്പോൾ കൈത്തറിയിൽ നെയ്ത ദേശിയ പതാകകൾ പാറിപ്പറക്കണമെന്നാണ് അയ്യപ്പന്റെ ചിരകാലഭിലാഷം. ഒറ്റത്തുണിയിൽ അശോകചക്രമുൾപ്പെടെ കൈകൊണ്ട് നെയ്താണ് അയ്യപ്പൻ നാട്ടിൽ ശ്രദ്ധനേടുന്നത്. 

മുപ്പത് ഇഞ്ച് വീതിയിലും നാൽപ്പത്തിയഞ്ച് ഇഞ്ച് നീളത്തിലും 13 കഴി ഖാദിനൂലിലാണ് ഇദ്ദേഹം ദേശീയപതാക നെയ്യുന്നത്. വളരെ സൂക്ഷ്മതയോടെയുള്ള ഈ ഉദ്യമത്തിന് 7 ദിവസത്തെ പ്രയത്നം വേണം. ഇത്തരത്തിൽ ദേശീയപതാക നെയ്തെടുക്കുന്നതിന് ഏഴായിരത്തോളം രൂപയാണ് ചെലവ് വരുന്നത്. വിവിധ സംഘടനകളുടെ കൊടികൾ കൈത്തറിയിൽ നെയ്തെടുക്കാൻ സാധിക്കുമെന്നും കുടിൽ വ്യവസായത്തിനും തകർച്ചയുടെ വക്കിലെത്തിയ കൈത്തറിയെ പുതിയ സംസ്കാരത്തിലേക്ക് എത്തിക്കാനും ഇതിലൂടെ സാധിക്കുമെന്നുമാണ് അയ്യപ്പന്റെ നിഗമനം.

14 പേരടങ്ങുന്ന അയ്യപ്പന്റെ സഹോദരങ്ങൾ എല്ലാവരും പരമ്പരാഗത നെയ്ത്ത് തൊഴിലാളികളാണ്. പതിമൂന്നാം വയസ്സിൽ തറിനെയ്ത്തിലേക്ക് കടന്ന അയ്യപ്പൻ സാമ്പത്തിക ക്ലേശതകൾ വിടാതെ പിൻതുടർന്നിട്ടും പ്രായാധിക്യം ബാധിച്ച് എഴുപതാം വയസ്സിലും തറിയൊച്ചയിൽ ജീവിതം തള്ളിനീക്കുകയാണ്. 1997 ൽ ഹാൻഡ്ലൂം വീവേഴ്സ് ഡെവലപ്മെന്റ് കൗൺസിൽ രൂപീകരിക്കുന്നതിന് നേതൃത്വം നൽകി. തുടർന്ന് കൈത്തറിമേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി ജീവിതം മാറ്റിവച്ചു. 

അഞ്ഞൂറോളം പേർക്ക് കൈത്തറി പെൻഷൻ ലഭിക്കുന്നതിന് മുഖ്യപങ്ക് വഹിച്ചു. ഖാദി ഗ്രാമവ്യവസായത്തിൽ നെയ്ത്ത് തൊഴിൽ പരിശീലകനായും അയ്യപ്പൻ സജീവമാണ്. സർവ്വോദയ സംഘം വെള്ളനാട് കോട്ടൂർ യൂണിറ്റിന് കീഴിൽ നെയ്ത്ത് പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. സർക്കാരിന്റെയും ഇതരപരിശീലനക്കളരികളിലും അഖിലേന്ത്യാ കൈത്തറി പ്രദർശനമേളകളിലും പങ്കെടുത്ത് കൈത്തറി കുടിൽ വ്യവസായത്തിന്റെ ക്ഷേമത്തിനായി സഞ്ചരിക്കുന്നയാളാണ് അയ്യപ്പൻ. കൈത്തറിയിൽ ദേശീയപതാക നെയ്യുന്നത് പുതിയൊരു പ്രോജക്ടമായി സംസ്ഥാന-കേന്ദ്രസർക്കാരുകൾക്ക് നിവേദനം നൽകാനുള്ള ഒരുക്കത്തിന്റെ ഭാഗമായി കൈത്തറിയിൽ ദേശീയപതാക നെയ്യുന്നതിന്റെ പണിപ്പുരയിലാണ് ഇദ്ദേഹം. 

ഇതിനോടകം അഞ്ചോളം ദേശീയപതാകയിൽ അയ്യപ്പൻ നെയ്തു. കൈത്തറി ദേശീയപതാക രാഷ്ട്രം അംഗീകരിച്ചാൽ രാഷ്ട്രപിതാവ് മഹാത്മജിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്നും അതോടൊപ്പം ഇൻഡ്യയിലുടനീളം കൈത്തറിഗ്രാമങ്ങൾ ആവിർഭവിക്കുമെന്നും ഇതിലൂടെ കൈത്തറിവ്യവസായം ദേശീയവത്ക്കരിക്കപ്പെടുമെന്നും അയ്യപ്പൻ പറയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പച്ചക്കൊടികാട്ടിയാൽ രാഷ്ട്രത്തിന് ആവശ്യമായ ദേശീയപതാക കൈത്തറിയിൽ നെയ്തെടുക്കാനും ഇതിനായി വിദഗ്ദ പരിശീലനം നൽകാൻ നെയ്ത്ത് തൊഴിലാളികളെ പ്രയോജനപ്പെടുത്താനും സാധിക്കും.

Follow Us:
Download App:
  • android
  • ios