ഇടുക്കി: തുടര്‍ച്ചയായ തിരിച്ചടികളില്‍ നിന്നും കരകയറാനാവാതെ മൂന്നാറിലെ ടൂറിസം മേഖല. ദീപാവലി ആഘോഷങ്ങള്‍ക്കിടയിലും വ്യാപാരമേഖല ഉണര്‍ന്നില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ കുറവാണ് അനുഭവപ്പെടുന്നത്. മുന്‍കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തിയിരുന്ന ദീപാവലി സീസണില്‍ ഇത്തവണ പ്രതീക്ഷിച്ചയത്ര സഞ്ചാരികളെത്തിയിട്ടില്ല. 

ദീപാവലി സീസണുകളില്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്‌നാട്ടില്‍ നിന്നും നിരവധി സഞ്ചാരികളാണ് മുന്‍കാലങ്ങളില്‍ മൂന്നാറില്‍ എത്തിയിരുന്നത്. കഴിഞ്ഞ ദീപാവലി സീസണ് തൊട്ടുമുമ്പുള്ള വര്‍ഷങ്ങളില്‍ ദീപാവലി സീസണില്‍ സജീവമായിരുന്ന ഹോട്ടലുകളും റിസോര്‍ട്ടുകളുമെല്ലാം ഇത്തവണ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്. ദീപാവലി മുതല്‍ ശൈത്യകാലം വരെ സഞ്ചാരികളാല്‍ സമ്പന്നമായിരുന്ന അവസ്ഥയില്‍ നിന്നാണ് മൂന്നാറിലെ ടൂറിസം മേഖലയില്‍ മരവിപ്പ് പ്രകടമാകുന്നത്.

ദീപാവലി പ്രമാണിച്ച് മികച്ച കച്ചവടം കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന വ്യാപാരികളുടെ പ്രതീക്ഷയും നിരാശയ്ക്ക് വഴിമാറി. ദീപാവലിക്ക് പുതുവസ്‌ത്രങ്ങള്‍ അണിയുന്ന പതിവുള്ള തമിഴ് വംശജര്‍ ഏറെയുള്ള മൂന്നാറില്‍ ഒരുകാലത്ത് വസ്‌ത്രവില്‍പന മികച്ച നിലയില്‍ നടന്നിരുന്നു. എന്നാല്‍ ഈ ദീപാവലി സീസണില്‍ മുമ്പുണ്ടായിരുന്നതിന്‍റെ മൂന്നിലൊന്നു വില്‍പ പോലും ഉണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ദീപാവലിക്ക് ഒഴിച്ചുകൂടാനാവാത്ത പടക്കവില്‍പനയും സജീവമായില്ല. 

കഴിഞ്ഞ തവണയുണ്ടായ മഹാപ്രളയത്തിനു ശേഷം മൂന്നാറിലെ ടൂറിസം മേഖല പഴയനിലയിലായിട്ടില്ല. കാലാവസ്ഥയിലുണ്ടായിരുന്ന വ്യതിയാനവും കാലാവസ്ഥ മുന്നറിയിപ്പുകളും ടൂറിസത്തിന് കനത്ത തിരിച്ചടിയാവുന്നുണ്ട്. തകര്‍ന്നുകിടക്കുന്ന റോഡുകളാണ് ടൂറിസത്തിന് മറ്റൊരു തിരിച്ചടി. തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയിരുന്ന ലോക്കാട് ഗ്യാപ്പ് റോഡ് തകര്‍ന്നതും വലിയ തിരിച്ചടിയായി. മൂന്നാറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, രാജമല, എക്കോപോയിന്റ്, കുണ്ടള, ടോപ്പ്‌സ്റ്റേഷന്‍ തുടങ്ങിയ വിനോദസഞ്ചാകേന്ദ്രങ്ങളെല്ലാം സഞ്ചാരികളുടെ വരവിനായി കാത്തിരിക്കുകയാണ്.