വാടകവീട്ടിൽ നിന്ന് 30 കിലോ കഞ്ചാവ് പിടിച്ച കേസ്, യുവതിയുടെ ജാമ്യം റദ്ദാക്കി, 10 ദിവസത്തിൽ കീഴടങ്ങണം
ജില്ലാ ആശുപത്രിക്കു സമീപത്തെ വാടകവീട്ടിൽനിന്ന് 30 കിലോ കഞ്ചാവ് പിടിച്ച കേസിലാണ് യുവതി അറസ്റ്റിലായത്

മാവേലിക്കര: കഞ്ചാവുകേസിൽ യുവതിയുടെ ജാമ്യം റദ്ദാക്കി കോടതി ഉത്തരവ്. 2020 ഡിസംബർ 28 ന് തഴക്കരയിൽ ജില്ലാ ആശുപത്രിക്കു സമീപത്തെ വാടകവീട്ടിൽനിന്നു 30 കിലോ കഞ്ചാവ് പിടിച്ച കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത കായംകുളം ചേരാവള്ളി തയ്യിൽ തെക്കേതിൽ നിമ്മിയുടെ (34) ജാമ്യമാണ് മാവേലിക്കര അഡീഷനൽ ജില്ലാ ജഡ്ജി വി ജി ശ്രീദേവി റദ്ദാക്കിയത്. നിമ്മി 10 ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നും ഉത്തരവിട്ടു.
ഫോണിലൂടെ വിശ്വാസം നേടി, കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഒടുവിൽ പ്രതി പിടിയിൽ
കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനു വള്ളികുന്നത്തെ വാടകവീട്ടിൽനിന്നു നിമ്മിയെ കഞ്ചാവുമായി വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. തഴക്കര കേസിലെ ജാമ്യവ്യവസ്ഥകൾ നിമ്മി ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി സി ഐ സി ശ്രീജിത് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. തഴക്കരയിൽനിന്നു കഞ്ചാവു കണ്ടെടുത്ത കേസിലെ മുഖ്യപ്രതി ഗുണ്ടാനേതാവ് പുന്നമ്മൂട് പോനകം എബനേസർ പുത്തൻവീട്ടിൽ ലിജു ഉമ്മൻ (42) ഒളിവിൽ പോയിരുന്നു. നിമ്മിയുടെ ചികിത്സയ്ക്കായി 2021 സെപ്റ്റംബർ 13നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴാണു ലിജു ഉമ്മൻ പിന്നീട് അറസ്റ്റിലായത്.
അതേസമയം ഇടുക്കിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത തൊടപുഴയില്‍ 3 കിലോ കഞ്ചാവും കഠാരയടക്കമുള്ള ആയുധങ്ങളുമായി രണ്ടുപേർ പിടിയിലായി എന്നതാണ്. ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്നാണ് എക്സൈസ് നല്‍കുന്ന വിവരം. സംഘത്തിലുള്ള മറ്റുള്ളവർക്കായി തിരച്ചില്‍ ഊർജ്ജിതമാക്കിയെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ദിലീപ് സി പി വ്യക്തമാക്കി. തൊടുപുഴയില്‍ ആന്ധ്രാ പ്രദേശിൽ നിന്നും വ്യാപകമായി കഞ്ചാവ് എത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കാരീക്കോട് സ്വദേശി മജീഷ് മജീദ് .ഇടവെട്ടി സ്വദേശി അൻസൽ അഷ്റഫ് എന്നിവരാണ് അറസ്റ്റിൽ ആയത്. മുന്നു കിലോ 250 ഗ്രാം കഞ്ചാവും ഒരു കഠാരയും വടിവാളും കത്തിയും അടക്കമുള്ള ആയുധങ്ങൾ ഇവരിൽ നിന്ന് കണ്ടെത്തി. കുരുമുളക് സ്പ്രെയും പ്രതികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് കടത്തുന്നതിനിടെ പ്രശ്നങ്ങളുണ്ടായാൽ അക്രമിക്കാനാണ് ആയുധങ്ങളെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി.