ഇടുക്കി: കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഉള്‍പ്പെട്ട ആദിവാസികളായ പ്രതികളെ പട്ടിയെ കൊണ്ട് കടിപ്പിച്ചതായി ആരോപണം. പെരുവന്താനം കൊമ്പുക്കുത്തി സ്വദേശികളും സഹോദരങ്ങളുമായ ചന്ദ്രന്‍(32), ബിജു (30) രതീഷ് (28) എന്നിവരെയാണ് വനപാലകര്‍ മര്‍ദ്ദിച്ചെന്ന് പരാതിപ്പെട്ടത്. അറസ്റ്റിലായ പ്രതികളെ കോടതില്‍ ഹാജരാക്കി സബ് ജയിലിലെത്തിച്ചെങ്കിലും ശാരീരിക അസ്വസ്ഥതയെ തുര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

അറസ്റ്റിലായ മറ്റൊരു പ്രതി കണയങ്കവയല്‍ സ്വദേശി ജോസ് കുഞ്ഞിനെയാണ് പട്ടിയെ ഉപയോഗിച്ച് വനപാലകര്‍ കടിപ്പിച്ചത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് പേവിഷബാധക്കെതിരെയുള്ള വാക്‌സിന്‍ കുത്തിവെയ്പ്പ് നല്‍കി. സബ് ജയിലില്‍ റിമാന്‍റ് ചെയ്തിരുന്ന പ്രതിയെ അന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റഡിയില്‍വാങ്ങി കൊണ്ടുപോകുന്നതിനിടെയാണ് ഉപദ്രവിച്ചതെന്നാണ് ആരോപണം. 

കാട്ടുപോത്തിനെ ആക്രമിച്ച കേസില്‍ മൊത്തം 9 പ്രതികളാണ് ഉള്ളത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തി. എന്നാല്‍ പ്രതികളെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും വനപാലകര്‍ പറയുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.