മേത്തല പാലിയംതുരുത്ത് ഗവ. എൽ പി സ്കൂളിലാണ് സംഭവം
തൃശൂർ : തൃശൂരിലെ എൽ പി സ്കൂളിൽ വ്യത്യസ്തമായ ഒരു സമരം നടക്കുകയാണ്. മേത്തല പാലിയംതുരുത്ത് ഗവ. എൽ പി സ്കൂളിലെ ലീഡർ ആണ് അത്യപൂർവ്വ സമരത്തിന് നേതൃത്വം നൽകുന്നത്. പ്ലക്കാർഡും പിടിച്ച് ഒറ്റയ്ക്ക് നിന്നാണ് കുഞ്ഞ് ലീഡറുടെ സമരം. തന്‍റെ പോരാട്ടത്തിന് ഒരേ ഒരു ആവശ്യം മാത്രമാണ് ലീഡർ ബദരിനാഥിന് മുന്നോട്ട് വയ്ക്കാനുള്ളത്. അത് കൃത്യമായി പ്ലക്കാർഡിൽ എഴുതിയിട്ടുമുണ്ട്. സംഭവം വാഴക്കുല പ്രശ്നമാണ്.
വിദ്യാലയ മുറ്റത്ത് ആറ്റു നോറ്റ് വളർത്തിയെടുത്ത വാഴക്കുല മോഷണം പോയി. ഇതിനെതിരെയാണ് സ്കൂൾ ലീഡറുടെ സമരം. കള്ളനെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് സ്കൂൾ ലീഡർ കുത്തിയിരിപ്പ് സമരം നടത്തുന്നത്. മേത്തല പാലിയംതുരുത്ത് ഗവ. എൽ പി സ്കൂളിലാണ് സംഭവം. വാഴക്കുല മോഷ്ടിച്ച വരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് സ്കൂൾ ലീഡർ ബദരിനാഥിന്‍റെ സമരം. വിദ്യാർത്ഥികളും, അമ്മമാരും ചേർന്നാണ് സ്കൂൾ വളപ്പിൽ വാഴകൃഷി നടത്തി വരുന്നത്. ഇന്ന് രാവിലെ സ്കൂളിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഇതിന് പിന്നാലെയാണ് ബദരിനാഥ് സമരം നടത്തിയത്. വിദ്യാലയ വളപ്പിൽ മാലിന്യം തള്ളലും പച്ചക്കറി കൃഷി നശിപ്പിക്കലും പതിവാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
അതേസമയം സ്കൂളുകൾ സംബന്ധിച്ചുള്ള മറ്റൊരു വാർത്ത സംസ്ഥാനത്ത് ഇക്കൊല്ലം ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചതാണ്. സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്നും മെയ് 25 ന് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം ഇന്ന് വ്യക്തമാക്കി. സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടി ആവിഷ്കരിച്ചിരിട്ടുണ്ടെന്നും വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആഴ്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരുടെ യോഗം ചേരും. മെയ് 20 ന് മുൻപ് പി ടി എ യോഗം ചേരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പാഠപുസ്തകം 80 ശതമാനം എത്തിക്കഴിഞ്ഞെന്നും ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കും; എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന്, പ്ലസ് ടു പരീക്ഷാഫലം മെയ് 25
