കിഴിശ്ശേരിയിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവത്തിൽ നാല് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ നിന്ന് പിടികൂടിയ ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

മലപ്പുറം: കിഴിശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് വില്‍പനക്കായി സൂക്ഷിച്ച എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ലഹരിക്കടത്ത് സംഘാംഗങ്ങളായ 4 പേരെക്കൂടി കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മമ്പ്രം പനമ്പായി ചാലില്‍ ഷഫീഖ് (36), മംഗലേലാട്ടുചാല്‍ ബൈത്തുല്‍ ഹിദിയയില്‍ മുഹമ്മദ് ബിലാല്‍ (26), ഒളായിക്കര പാച്ചപ്പൊയ ഹസ്നാമന്‍സില്‍ മുഹമ്മദ് ഫാസില്‍ (29), കാസര്‍ക്കോട് മഞ്ചേശ്വരം വോര്‍ക്കാടി കളിമഞ്ച ഹസൈനാര്‍ (23) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ബംഗളൂരുവില്‍ നിന്നാണ് സംഘത്തെ ഡാന്‍സാഫ് സംഘം പിടികൂടിയത്.

വ്യാഴാഴ്ച കിഴിശ്ശേരിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് 50 ഗ്രാം എം.ഡി.എം. എ, അളക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, 27000 രൂപ, ലഹരിക്കടത്തിന് ഉപയോഗിച്ച കാര്‍ എന്നിവ സഹിതം മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമുച്ചിക്കല്‍ ഫൈസല്‍ (33), കുഴിമണ്ണ കീഴിശ്ശേരി ഇ ലാഞ്ചേരി അഹമ്മദ് കബീര്‍ (38), വേങ്ങര കണ്ണമംഗലം ഇലത്തക്കണ്ടി ഷഹീല്‍ (36) എന്നിവരെ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

ജയിലില്‍ നിന്ന് പരിചയപ്പെട്ട പ്രതികള്‍

ഖത്തറിലേക്ക് ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായി ജയിലില്‍ നിന്ന് പരിചയപ്പെട്ട പ്രതികള്‍ 5 വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയ ശേഷം ബംഗ്ളുരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തില്‍ സജീവമാവുകയായിരുന്നെന്ന് പൊലീസ്. ആദ്യം പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘത്തിലുള്ള മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചിരുന്നത്. ജില്ല പൊലിസ് മേധാവി ആര്‍. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എ. എസ് പി കാര്‍ത്തിക് ബാലകുമാര്‍, കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ പി.എം. ഷമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘാംഗങ്ങളാ യ പി സഞ്ജീവ്, രതീഷ് ഒളരിയന്‍, മുസ്തഫ, സുബ്രഹ്‌മണ്യന്‍, സബിഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.