കോഴിക്കോട് ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന ബംഗ്ലാദേശ് സ്വദേശി നേപ്പാള്‍ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷിത തീരം പദ്ധതിയുടെ ഭാഗമായി കൊല്ലത്ത് നടന്ന അറസ്റ്റിന്റെ തുടര്‍ച്ചയായാണ് ഇയാളെ പിടികൂടിയത്.  

കോഴിക്കോട്: വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ച് കേരളത്തില്‍ മത്സ്യബന്ധന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയില്‍. ധാക്ക ജില്ലയിലെ ഗുട്ടാസര സ്വദേശി നേപ്പാള്‍ ദാസ്(23) ആണ് പിടിയിലായത്. കോഴിക്കോട് ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ നേപ്പാള്‍ ദാസിനെ റിമാന്റ് ചെയ്തു.

ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ബംഗാളിലെത്തി അവിടെ നിന്നും വ്യാജ ആധാര്‍ കാര്‍ഡ് തരപ്പെടുത്തി കേരളത്തില്‍ എത്തിയ സംഘത്തില്‍പ്പെട്ടയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം സുരക്ഷിത തീരം പദ്ധതിയുടെ ഭാഗമായി കൊല്ലം ശക്തികുളങ്ങര പൊലീസ്, ബംഗ്ലാദേശ് സ്വദേശിയായ പരുല്‍ ദാസ്(21) എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കൊല്ലത്തെത്തിച്ച് ബോട്ടില്‍ ജോലി നല്‍കാന്‍ സഹായിച്ച തപന്‍ദാസി(24)നെയും പിടികൂടി.

ഇവരില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ബേപ്പൂരില്‍ ബോട്ടില്‍ ജോലി ചെയ്തുവരികയായിരുന്ന നേപ്പാള്‍ ദാസിനെ കുറിച്ച് അറിഞ്ഞത്. കൊല്‍ക്കത്തയില്‍ നിന്നാണ് വ്യാജ മേല്‍വിലാസത്തില്‍ ആധാര്‍ കാര്‍ഡ് സംഘടിപ്പിച്ചതെന്ന് ഇയാള്‍ സമ്മതിച്ചു. ബംഗ്ലാദേശില്‍ നിന്ന് ഉരു മാര്‍ഗം ബംഗാളിലേക്ക് കടന്ന 11 അംഗ സംഘത്തില്‍പ്പെട്ടയാളാണ് നേപ്പാള്‍ ദാസ്. എട്ടുപേര്‍ നാട്ടിലേക്ക് തന്നെ തിരിച്ചുപോയെന്നും മൂന്ന് പേര്‍ ഇന്ത്യയില്‍ തങ്ങിയെന്നുമാണ് ലഭിക്കുന്ന വിവരം.