ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ പണയം വെച്ച സ്വര്‍ണം മോഷ്ടിച്ച് തിരിമറി നടത്തിയ കേസില്‍ ഇനി 9 കിലോയിലധികം സ്വര്‍ണം കണ്ടെത്താനുണ്ട്.

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ പണയം വെച്ച സ്വര്‍ണം മോഷ്ടിച്ച് തിരിമറി നടത്തിയ കേസില്‍ തെളിവെടുപ്പിനിടെ ഒരു കിലോ സ്വര്‍ണ്ണം കൂടി കണ്ടെടുത്തു. അറസ്റ്റിലായ രണ്ടാം പ്രതി കാര്‍ത്തിക്കുമായി തമിഴ്നാട്ടില്‍ നടത്തിയ തെളിവെടുപ്പിലാണ് സ്വർണം കണ്ടെടുത്തത്. സ്വര്‍ണം പൊലീസ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കേസില്‍ ഇനി 9 കിലോയിലധികം സ്വര്‍ണം കണ്ടെത്താനുണ്ട്.

ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ വടകര ശാഖയില്‍ നടന്ന സ്വര്‍ണപ്പണയ വായ്പാ തട്ടിപ്പിലെ ഇടനിലക്കാരനായ രണ്ടാം പ്രതി കാര്‍ത്തിക്കുമായി അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിലാണ് ഒരു കിലോ സ്വര്‍ണം കൂടി കണ്ടെടുത്തത്. തമിഴ്നാട്ടിലെ തിരൂപ്പൂരിലുള്ള സ്വകാര്യ ബാങ്കില്‍ നിന്നും സ്വര്‍ണം കണ്ടെത്തുകയായിരുന്നു. 

കാര്‍ത്തിക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവിടേക്ക് തെളിവെടുപ്പിനായി അന്വേഷണ സംഘം എത്തിയത്. കാർത്തിക്കിന്‍റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കുന്നതിനാല്‍ കൂടുതൽ സ്ഥലങ്ങളില്‍ പരിശോധന നടത്താൻ അന്വേഷണ സംഘത്തിന‍്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് കേസിലെ രണ്ടാം പ്രതിയായ തിരുപ്പൂര്‍ സ്വദേശി കാര്‍ത്തിക്കിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

നേരത്തെ ഒന്നാം പ്രതി മധ ജയകുമാറുമായി നടത്തിയ തെളിവെടുപ്പില്‍ 16 കിലോ ഗ്രാം സ്വര്‍ണം കണ്ടെടുത്തിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനമായ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയില്‍ പണയം വെച്ച 26 കിലോഗ്രാമോളം സ്വര്‍ണമാണ് അന്നത്തെ മാനേജരായിരുന്ന മധ ജയകുമാര്‍ കവര്‍ന്നത്. പകരം 26 കിലോഗ്രാം വ്യാജ സ്വര്‍ണം ബാങ്കില്‍ കൊണ്ടു വെച്ചാണ് തട്ടിപ്പ് നടത്തിയത്.

READ MORE: വീണ്ടും പ്രകടനവുമായി തെരുവിലിറങ്ങി വിമതർ; വടകരയിൽ തലവേദന ഒഴിയാതെ സിപിഎം