തിരുവനന്തപുരം: മകളുടെ പഠനത്തിന് വായ്പയ്ക്കായി സമീപിച്ചിട്ടും വാഹനം പോകുന്ന വഴിയല്ല എന്ന കാരണത്തിൽ ബാങ്കുകൾ കയ്യൊഴിഞ്ഞു. മൂന്ന് പെണ്മക്കളുള്ള ലോറി ഡ്രൈവറുടെ സങ്കടത്തിന് ഒടുവിൽ ഭാഗ്യദേവതയുടെ കാരുണ്യ വർഷം. ആര്യാനാട്, ചാങ്ങ, ചെറുകുളം കട്ടക്കാൽ വീട്ടിൽ ബിജുകുമാറി(46)നാണ് പ്രാരാബ്ദങ്ങൾക്കിടയിൽ ആശ്വാസ വർഷം ചൊരിഞ്ഞ് വ്യാഴാഴ്ചത്തെ കാരുണ്യ ഫലം വന്നത്. 

ലോട്ടറി ഫലം വന്നപ്പോൾ ടിപ്പർ ലോറിയുടെ ഉടമസ്ഥനായ മോഹനനാണ് ആദ്യം വിളിച്ചത് തനിക്ക് 8000 രൂപ സമ്മാനം ഉണ്ടെന്നും ബിജുവിന്‍റെ കൈവശമുള്ള ലോട്ടറി പരിശോധിക്കാനും പറഞ്ഞു. തുടര്‍ന്ന് വീട്ടിൽ വിളിച്ചു ലോട്ടറി നോക്കാൻ പറഞ്ഞു. നമ്പർ കേട്ട് തനിക്കും 8000 ലഭിച്ചുവെന്നറിഞ്ഞ് വീട്ടിലെത്തി  പരിശോധിച്ചപ്പോഴാണ് 8000 അല്ല  PY 218838 എന്ന ടിക്കറ്റിന് 80 ലക്ഷമാണ് തനിക്ക് ലഭിച്ചതെന്ന് അറിഞ്ഞത്, ബിജു ഏഷ്യാനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു. 

ഉടൻ തന്നെ മറ്റ് രേഖകളുമായി ബാങ്കിലെത്തി സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ നൽകി. പഠിക്കാൻ മിടുക്കികളായ മൂത്ത മകൾ ചന്ദന എംബിബിഎസിനും,  രണ്ടാമത്തെ മകൾ ഡിഗ്രിക്കും, മൂന്നാമത്തെ മകൾ നന്ദന പ്ലസ് വണ്ണിനുമാണ് പഠിക്കുന്നത്. ഭാര്യ കുശാല കുമാരി അസുഖബാധിതയെങ്കിലും തൊഴിലുറപ്പിന് പോകുന്നുണ്ട്. ടിപ്പർ ഓടി കിട്ടുന്ന വരുമാനമാണ് ബിജുവിന്‍റെ അമ്മ സത്യഭാമയുൾപ്പടെയുള്ള ഈ കുടുംബത്തിന്‍റെ ആശ്രയം. 

പത്താം ക്ലാസിൽ മികച്ച വിജയം നേടിയവരാണ് മൂന്ന് മക്കളും. അതുകൊണ്ട് അവരുടെ ഇഷ്ടം അനുസരിച്ച് പരമാവധി വിദ്യാഭ്യാസം നൽകണമെന്ന ആഗ്രഹത്താലാണ് ബാങ്കുകളെ സമീപിച്ചത്. കാര്യം നടക്കില്ലെന്ന് അറിയാമെങ്കിലും ദൈവം കൈവിടില്ലെന്ന വിശ്വാസമാണ് അന്ന് തന്നെ ബാങ്കുകളുടെ മുന്നിലെത്തിച്ചതെന്നും ബിജു പറഞ്ഞു. പഠനത്തിന് ലക്ഷങ്ങൾ ചിലവ് വരുമെന്നറിഞ്ഞിട്ടും 1800 നുള്ളിൽ എംബിബിഎസ് പ്രവേശന പരീക്ഷയിൽ റാങ്ക് ലഭിച്ച മകളെ പഠിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.  

ആകെയുള്ള ഏഴു സെന്‍റ് പണയപ്പെടുത്തി വീട് വച്ചതും ദുരിതത്തിനിടയിലും മക്കൾക്ക് പഠിക്കാൻ സാഹചര്യം ഒരുക്കാനായതുമാണ് ആകെയുള്ള സമാധാനം. എന്നാലും മുന്നോട്ടുള്ള  ജീവിതത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. ടിപ്പർ ലോറി ഓടിച്ച് മാത്രം മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ കഴിയുമോയെന്നതും അവരെ നല്ല നിലയിലെത്തിക്കാൻ കഴിയുമോയെന്നതുമായിരുന്നു ആശങ്ക. 

ഏഴ് വർഷമായി സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ബിജുവിന് 5000 രൂപവരെ സമ്മാനം ലഭിച്ചിട്ടുണ്ട്. ബാങ്കുകൾ  കൈയൊഴിഞ്ഞെങ്കിലും ഒടുവിൽ ഭാഗ്യദേവത  ദുരിതമകറ്റാനെത്തിയെന്നത് മക്കളുടെ കൂടെ പ്രാർത്ഥനയാണ് എന്നും ബിജു പറഞ്ഞു.