കേരളത്തിൽ നിയമപരമായി പുകയില ഉത്പന്നങ്ങൾ നിരോധിച്ച കാലം മുതൽ തന്നെ ഇയാൾ നിയമവിരുദ്ധമായി ഈ കച്ചവടത്തിൽ ഏർപ്പെട്ടിരുന്നതായി ടൗൺ സിഐ മനോജ് പറഞ്ഞു
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വില്പനയ്ക്കായി കൊണ്ടുവന്ന 80 കിലോയോളം നിരോധിത പുകയില ഉല്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ. മലപ്പുറം ചെമ്മാട് കാലിക്കണ്ടിയിൽ കോഴിപറമ്പത്ത് സലിം (40 ) നെയാണ് കോഴിക്കോട് ഗുജറാത്തി സ്കൂളിന് അടുത്ത് വച്ച് പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നും പിടിച്ചെടുത്ത 8000 ൽ പരം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾക്ക് നാല് ലക്ഷത്തോളം രൂപ വില വരും.
ജില്ലാ പൊലീസ് മേധാവി കാളി രാജ് മഹേഷ് കുമാറിന്‍റെ നിർദ്ദേശപ്രകാരം നഗരത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമീപത്തെ കടകൾ കേന്ദ്രീകരിച്ച് കോഴിക്കോട് സിറ്റി ആന്‍റി നാർക്കോട്ടിക്ക് സ്പെഷ്യൽ ഫോഴ്സ് ഇത്തരം പുകയില നിരോധിത ഉത്പന്നങ്ങൾ വിൽക്കുന്നവരെ കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി പലരിൽ നിന്നും സലീമിന്‍റെ കടയിൽ നിന്നാണ് നഗരപരിധിയിലെ കടകളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ച് നൽകുന്നതെന്ന് മനസിലാക്കിയ പൊലീസ് ഗുജറാത്തി സ്കൂളിന് സമീപത്തുള്ള ഇയാളുടെ രഹസ്യ ഗോഡൗൺ കണ്ടെത്തിയ ശേഷം ഇന്നലെ ടൗൺ പൊലീസും കോഴിക്കോട് നോർത്ത് അസി. കമ്മിഷണർ പൃഥ്വിരാജന്‍റെ നേതൃത്വത്തിലുള്ള ജില്ലാ ആന്‍റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും ചേർന്ന് നടത്തിയ റെയ്ഡിലാണ് നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻശേഖരവുമായി ഇയാളെ പിടികൂടിയത്.
കോഴിക്കോട് വലിയങ്ങാടിയിൽ കോഹിനൂർ ട്രേഡേഴ്സ് എന്ന മൊത്ത പലചരക്ക് വ്യാപാരക്കച്ചവടം നടത്തി വരുന്ന ഇയാൾ കുറച്ചു കാലമായി അമിതാദായത്തിനായി നിരോധിത പുകയില ഉത്പന്നങ്ങളായ ഹൻസ്, കൂൾലിപ്പ് തുടങ്ങിയവ ജില്ലയിലെ പല വ്യാപാരികൾക്കും വിപണനം ചെയ്യുന്നുണ്ട്. വലിയങ്ങാടിയിലെ തന്‍റെ സ്ഥാപനമായ കോഹിനൂർ ട്രേഡേഴ്സിൽ നിന്നും അകലെയായി ഗുജറാത്തി സ്കൂളിന് സമീപത്തുള്ള ബിൽഡിങ്ങിലെ ഗോഡൗണിലാണ് ഇയാൾ പുകയില ഉത്പന്നങ്ങൾ ഒളിച്ചു സൂക്ഷിച്ചിരുന്നത്.
കേരളത്തിൽ നിയമപരമായി പുകയില ഉത്പന്നങ്ങൾ നിരോധിച്ച കാലം മുതൽ തന്നെ ഇയാൾ നിയമവിരുദ്ധമായി ഈ കച്ചവടത്തിൽ ഏർപ്പെട്ടിരുന്നതായി ടൗൺ സിഐ മനോജ് പറഞ്ഞു. ടൗൺ എസ്‌ഐ രമേശൻ. എഎസ്ഐ പ്രസാദ്, സിപിഒ ശ്രീകാന്ത്, ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ രാജീവ്. കെ, നവീൻ. എൻ, ജോമോൻ. കെ.എ, സുമേഷ്. എ.വി, ജിനേഷ് .എം, സോജി.പി, രതീഷ്.കെ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.
