ബാര്‍ ഓണേഴ്സ് അസോസിയേഷന് ഫണ്ട് നേരിട്ട് നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അസോസിയേഷൻ ഭാരവാഹികൾ ഭീഷണിപ്പെടുത്തുന്നതായി ചില ബാർ ഉടമസ്ഥർ ആരോപിക്കുന്നു
തൃശൂർ: പ്രളയ ദുരിത ബാധിതരെ സഹായിക്കാൻ നേരിട്ട് പിരിവെടുക്കുന്നതിനെ ചൊല്ലി ബാർ ഉടമസ്ഥരിൽ ഭിന്നിപ്പ്. ഓരോ ബാർ ഉടമകളും രണ്ടു ലക്ഷം രൂപ വെച്ച് അസോസിയേഷന് നൽകണമെന്നും തുക പിന്നീട് അസോസിയേഷൻ സർക്കാരിന് നൽകാമെന്നും ഒരു വിഭാഗം നിർദ്ദേശിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തങ്ങൾക്ക് നേരിട്ട് നൽകാനാണ് താൽപ്പര്യമെന്ന് മറുചേരിയും വ്യക്തമാക്കി.
ബാര്‍ ഓണേഴ്സ് അസോസിയേഷന് ഫണ്ട് നേരിട്ട് നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അസോസിയേഷൻ ഭാരവാഹികൾ ഭീഷണിപ്പെടുത്തുന്നതായി ചില ബാർ ഉടമസ്ഥർ ആരോപിക്കുന്നു. വ്യക്തിയെയോ അസോസിയേഷനുകളെയോ ദുരിതാശ്വാസ ഫണ്ട് പിരിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴാണ് അസോസിയേഷനിലെ ഒരുകൂട്ടർ സർക്കാരിന്റെ പേരിൽ ദുരുപയോഗം നടത്തുന്നതെന്നാണ് ഇവര്‍ പറയുന്നത്. നിർബന്ധിത പിരിവിനെതിരെ മുഖ്യമന്ത്രിക്കു തന്നെ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ഒരു വിഭാഗം ബാർ ഉടമസ്ഥർ.
