നിയന്ത്രണം നഷ്ടമായ ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞു; ബാർബർ ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം
കുറിച്ചി സചിവോത്തമപുരം സ്വദേശി അനിൽ കുമാര്‍ (52) ആണ് മരിച്ചത്. വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം ഉണ്ടായത്.
കോട്ടയം: കോട്ടയം കുറിച്ചി കുഞ്ഞൻകവലയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞ് ബാർബർ ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം. കുറിച്ചി സചിവോത്തമപുരം സ്വദേശി അനിൽ കുമാര്‍ (52) ആണ് മരിച്ചത്. വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം ഉണ്ടായത്.
കുറിച്ചി കുഞ്ഞൻകവലയിൽ ബൈക്കിൽ എത്തിയ അനിൽകുമാർ, ബൈക്ക് റോഡരികിൽ വച്ച ശേഷം ബൈക്കിൽ നിന്നും ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായ ബൈക്ക് എതിർവശത്തേയ്ക്ക് മറിഞ്ഞു. ഇതോടെ ബാലൻസ് പോയ അനിൽ കുമാർ റോഡിലേക്ക് വീണു. ഈ സമയം കോട്ടയം ഭാഗത്തേയ്ക്ക് പോകാനായി എത്തിയ തണ്ടപ്ര ബസ് അനിൽ കുമാർ റോഡിലേയ്ക്ക് വീഴുന്നത് കണ്ട് വെട്ടിച്ചു മാറ്റി. എന്നാൽ, ഇതിനിടെ ബസ് അനിൽ കുമാറിനെ തട്ടിയതായി സംശയിക്കുന്നതായി ചിങ്ങവനം പൊലീസ് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട് നടക്കും. ഭാര്യ - ബിന്ദു. മക്കൾ - ഗോപിക, അമൽ.