കോട്ടയം: എംജി സര്‍വകലാശാലയിലെ ബേസിക് സയൻസ് പഠന കേന്ദ്രം അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ചെലവ് ചുരുക്കലിന്‍റെ പേരില്‍ ബേസിക് സയൻസ് വിഭാഗത്തിന് അനുവദിച്ചിരുന്ന ഫണ്ട് സിൻഡിക്കേറ്റ് വെട്ടിക്കുറച്ചതാണ് കാരണം. സിൻഡിക്കേറ്റിന്റെ നടപടിക്കെതിരെ വിദ്യാർഥികൾ പ്രതിഷേധത്തിനൊരുങ്ങുകയാണ്.

കേരളത്തില്‍ എംജി സര്‍വകലാശാലയിലും ഐസറിലും മാത്രമാണ് ബേസിക് സയൻസ് വിഭാ​ഗം കോഴ്സുള്ളത്. എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ബാച്ചില്‍ 15 വിദ്യാര്‍ഥികളാണുള്ളത്. ഓരോ വര്‍ഷവും അഞ്ച് കോടി രൂപയാണ് ഈ കോഴ്സിനായി സര്‍വകലാശാല മാറ്റി വച്ചിരുന്നത്. ബേസിക് സയൻസിന് അനുവദിച്ചിരുന്ന ഫണ്ട് വെട്ടിക്കുറച്ചെന്ന് കാണിച്ച് സര്‍വകലാശാല രജിസ്ട്രാര്‍ അടുത്തിടെ ഉത്തരവ് ഇറക്കി.

മാസം 25000 രൂപ മാത്രം പിൻവലിക്കാമെന്നും കൂടുതല്‍ തുക വേണമെങ്കില്‍ അപേക്ഷ നൽകി പാസാക്കി എടുക്കണമെന്നും ഉത്തരവിൽ പറയുന്നു. ഡയറക്ടര്‍ ഒഴികെ മറ്റുള്ള അധ്യാപകരെല്ലാം സംസ്ഥാനത്തിന് പുറത്ത് നിന്നും വിദേശത്ത് നിന്നും എത്തിയാണ് ക്ലാസെടുക്കുന്നത്. 25000 രൂപയില്‍ സ്ഥാപനത്തിന്‍റെ ദൈനംദിന ചെലവ് പോലും സാധ്യമാവില്ല. പുറത്ത് നിന്നെത്തി പഠിപ്പിച്ച് കൊണ്ടിരുന്ന അധ്യാപകര്‍ക്ക് ആറ് മാസമായി ശമ്പളം നല്‍കിയിട്ടില്ല. കഴിഞ്ഞ ആറ് മാസമായി പഠിപ്പിക്കാൻ അധ്യാപകര്‍ എത്തുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു.

കഴിഞ്ഞ എട്ട് മാസമായി ലാബ്, ഓഫീസ് ജോലികള്‍ ചെയ്യുന്നത്  വിദ്യാര്‍ഥികളാണ്. പുതിയ ബാച്ചിന്‍റെ അഡ്മിഷൻ നടപടികള്‍ക്ക് സര്‍വകലാശാല ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും വിദ്യാർഥികള്‍ പറയുന്നു. അതേസമയം, കോഴ്സ് നിര്‍ത്തില്ലെന്നും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണെന്നും എംജി സര്‍വകലാശാല വിസി സാബു തോമസ് പ്രതികരിച്ചു.