ക്ഷേത്രത്തിനകത്ത് കടന്ന കരടി പൂട്ട് പൊളിച്ച് അകത്തുകയറുകയും നെയ്യും മറ്റ് പൂജാദ്രവ്യങ്ങളും കഴിക്കുകയും ചെയ്തു
മലപ്പുറം: അമരമ്പലം പഞ്ചായത്തിലെ തേള്‍പ്പാറയില്‍ വീണ്ടും കരടിയുടെ ഭീഷണി. ഇന്ന് പുലര്‍ച്ചെ നിലമ്പൂര്‍ പൂക്കോട്ടുംപാടത്തെ പൊട്ടിക്കലിലുള്ള പാറയ്ക്കല്‍ കുടുംബക്ഷേത്രത്തിലാണ് കരടി ആക്രമണം നടത്തിയത്. ക്ഷേത്രത്തിന്റെ പ്രധാന വാതില്‍ തകര്‍ത്ത് അകത്തുകയറിയ കരടി പ്രതിഷ്ഠകളെല്ലാം മറിച്ചിടുകയും ക്ഷേത്രത്തില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് കടന്ന കരടി പൂട്ട് പൊളിച്ച് അകത്തുകയറുകയും നെയ്യും മറ്റ് പൂജാദ്രവ്യങ്ങളും കഴിക്കുകയും ചെയ്തു.
തുടര്‍ന്ന് വിഗ്രഹങ്ങള്‍ തട്ടിമറിക്കുകയും ക്ഷേത്രത്തിലെ മറ്റ് രണ്ട് മുറികളിലും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതായി ക്ഷേത്രം അധികൃതര്‍ പ്രതികരിച്ചു. എണ്ണയും മറ്റ് പൂജാസാധനങ്ങളും സൂക്ഷിച്ചിരുന്ന പെട്ടി മറിച്ചിടാനും കരടി ശ്രമിച്ചിട്ടുണ്ട്. അടുത്തിടെയായി പ്രദേശത്ത് വന്യജീവികളുടെ ശല്യം വര്‍ദ്ധിച്ചുവരുന്നതിനിടെയാണ് ഈ സംഭവം നാട്ടുകാരില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. രാവിലെ വാതില്‍ തള്ളിത്തുറക്കുന്ന ശബ്ദം സമീപവാസികള്‍ കേട്ടിരുന്നുവെങ്കിലും, ഒരു കരടിയുടെ ആക്രമണമായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നത്.
ഒരു കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ക്ഷേത്രത്തിലും സമാനമായ സംഭവം മുമ്പ് നടന്നിരുന്നു. അന്ന് കരടിയെ പിടികൂടിയതുകൊണ്ട് ഭീതി ഒഴിഞ്ഞുവെന്ന് പ്രദേശവാസികള്‍ കരുതിയിരുന്നത്. എന്നാല്‍ രണ്ടാമതും ഇങ്ങനെയൊരു ആക്രമണം ഉണ്ടായതോടെ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ഇടപെടലുകള്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മറ്റൊരു സംഭവത്തിൽ സമീപ മേഖലയായ അടക്കാക്കുണ്ട് ചങ്ങണംകുന്നില്‍ കടുവയുടെ സാന്നിധ്യമെന്നാണ് നാട്ടുകാരുടെ പരാതി. ശനിയാഴ്ച രാവിലെ കാട്ടുപന്നിയുടെ മൃതദേഹം ചങ്ങണംകുന്നിലെ വീടുകളുടെ തൊട്ടടുത്തുള്ള കാളികാവ് പുല്ലാണി ചെറുണ്ണിയുടെ എസ്റ്റേറ്റിൽ കണ്ടെത്തിയിരുന്നു. എന്നാല്‍ പന്നിയെ വേട്ടയാടിയത് കാട്ടു നായ്ക്കളാണെന്നാണ് വനം വകുപ്പ് വിശദീകരണം. ഇതു തള്ളിയ നാട്ടുകാർ കാട്ടുപന്നിയെ വേട്ടയാടിയത് കടുവ തന്നയെന്നാണ് പറയുന്നത്.


