തിരുവനന്തപുരം: ഒരാഴ്ചയിലേറെയായി പ്രദേശവാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കരടി കൂട്ടിലായി. കരടിയെ കാണാന്‍ വിലക്കുകള്‍ ലംഘിച്ചെത്തിയവര്‍ക്കെതിരെ പള്ളിക്കല്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ കുറച്ചു  ദിവസങ്ങളായി നാവായിക്കുളം കുടവൂര്‍ മടന്തപച്ച, പുല്ലൂര്‍മുക്ക്, പള്ളിക്കല്‍, കക്കോട്, പുന്നോട്, മരുതികുന്ന് എന്നീ സ്ഥലങ്ങളില്‍ കരടിയെ കണ്ടതായി നാട്ടുകാര്‍ അറിയച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തുകയും, അവിടെ കണ്ടെത്തിയ കാല്‍പ്പാടുകള്‍ കരടിയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 

ഈ പ്രദേശത്തെ ഒരു റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ചിരുന്ന തേന്‍ കൂടുകള്‍ കരടി തകര്‍ത്തിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വനം വകുപ്പ് ഇവിടെ കെണിയൊരുക്കിയത്. നാട്ടുകാരും പൊലീസും പഞ്ചായത്തും വനവകുപ്പ് ജീവനക്കാരുമെല്ലാം കരടിയെ കെണിയിലാക്കാനുള്ള തീവ്ര ശ്രമത്തില്‍ ആയിരുന്നു. ഇന്ന് പുലര്‍ച്ചയോടെ പള്ളിക്കല്‍ -കാട്ടുപുതുശ്ശേരി റോഡില്‍ പലവക്കോട്, കെട്ടിടം മുക്കില്‍ ആണ് കരടി കൂട്ടിനുള്ളിലായത്. കരടിയെ പിടികൂടിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍. എന്നാല്‍ കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയും പൊലീസ് വിലക്കുകള്‍ ലംഘിച്ചും കരടിയെ കാണാനെത്തിയവര്‍ക്കെതിരേ പള്ളിക്കല്‍ പൊലീസ് കേസെടുത്തു.