ജോലി സ്ഥലമായ മുംബൈയില്‍ നിന്ന് നാട്ടിലേക്ക് വരാനായി കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി കാറില്‍ വരുന്നതിനിടെ ദേശീയ പാത 66ല്‍ പന്തീരാങ്കാവില്‍ വച്ചാണ് അപകടമുണ്ടായത്.

കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് 14 വര്‍ഷമായി കിടപ്പിലായിരുന്നയാള്‍ മരിച്ചു. കോഴിക്കോട് ബിലാത്തികുളം ശിവക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന പുത്തലത്ത് ഹരീഷ് കുമാര്‍(54) ആണ് മരിച്ചത്. മുംബൈ ആസ്ഥാനമായ അബോട്ട് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ സോണല്‍ മാനേജരായിരുന്നു. 2011ലാണ് ഹരീഷിന്റെ ജീവിതത്തെ കീഴ്‌മേല്‍മറിച്ച വാഹനാപകടമുണ്ടായത്. ജോലി സ്ഥലമായ മുംബൈയില്‍ നിന്ന് നാട്ടിലേക്ക് വരാനായി കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി കാറില്‍ വരുന്നതിനിടെ ദേശീയ പാത 66ല്‍ പന്തീരാങ്കാവില്‍ വച്ചാണ് അപകടമുണ്ടായത്. 

ഗുരുതരമായി പരിക്കേറ്റ ഹരീഷ് കുമാറിനെ വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സിച്ചുവെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ മാത്രമാണ് സാധിച്ചത്. ആറ് മാസം മുന്‍പ് പക്ഷാഘാതം വന്ന് പൂര്‍ണമായും കിടപ്പിലായി. കക്കുഴിപ്പാലം ഗീതാ നിവാസില്‍ സ്വപ്‌നയാണ് ഭാര്യ. മക്കള്‍: പാര്‍വതി, പ്രണവ്.

സമാനമായ മറ്റൊരു സംഭവത്തിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് 11 വർഷമായി ചികിത്സയിലായിരുന്ന യുവാവ് തിരുവനന്തപുരത്ത് മരിച്ചു. വെണ്ണിയൂർ നെല്ലിവിള വവ്വാമ്മൂല ചന്ദ്ര ഭവനിൽ ഷീജയുടെയും ചന്ദ്രൻ്റെയും മകൻ എസ്.ദീപു ചന്ദ്രൻ(28) ആണ് മരിച്ചത്. 2014ൽ ആയിരുന്നു അപകടം. ബന്ധു ഓടിച്ചിരുന്ന ബൈക്കിൻ്റെ പിന്നിലിരുന്നു സഞ്ചരിക്കുമ്പോൾ കോവളം മുട്ടയ്ക്കാട് ഭാഗത്ത് വച്ച് വാഹനം നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു ഓടയിലേക്ക് മറിഞ്ഞായിരുന്നു ദീപുവിന് അപകടമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം