കോഴിക്കോട് കുറ്റ്യാടി കായക്കൊടിയിൽ നാല് പേർക്ക് തേനീച്ചയുടെ കുത്തേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

കോഴിക്കോട്: കുറ്റ്യാടി കായക്കൊടിയില്‍ നാല് പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റ് പരിക്ക്. കിടങ്ങയുള്ളതറ സുരേന്ദ്രന്‍, കായക്കൊടി ഹെല്‍ത്ത് സെന്ററിലെ രണ്ട് നഴ്‌സുമാര്‍, എള്ളിക്കാംപാറ സ്വദേശിയായ യുവാവ് എന്നിവര്‍ക്കാണ് തേനീച്ച ആക്രമണത്തില്‍ പരിക്കേറ്റത്. കായക്കൊടി ഹെല്‍ത്ത് സെന്ററിന് സമീപം ഇന്ന് വൈകീട്ടാണ് സംഭവം നടന്നത്. നാല് പേരെയും കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതില്‍ സുരേന്ദ്രന് സാരമായി പരിക്കേറ്റതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കുറ്റ്യാടിയില്‍ കഴിഞ്ഞ ദിവസം തേനീച്ച ആക്രമണമുണ്ടായിരുന്നു. തേനീച്ചയുടെ കുത്തേറ്റ് പറമ്പില്‍ കെട്ടിയിരുന്ന പോത്ത് ചാവുകയും ചെയ്തു. കുളങ്ങരത്താഴയിലെ റിട്ടയേര്‍ഡ് അധ്യാപകന്‍ പി.കെ കുഞ്ഞമ്മദിന്റെ വീടിന് സമീപത്തുള്ള പ്ലാവിലെ കടന്നല്‍ കൂട് പരുന്ത് കുത്തിയിളക്കിയതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. പോത്തിനെ മേയ്ക്കാനെത്തിയ രണ്ട് പേര്‍ക്കും കുത്തേറ്റിരുന്നു. തെക്കിടത്തില്‍ അബ്ദുല്ല, കുനിയല്‍ അഷ്‌റഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.