മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ കാളികാവ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ കനത്ത മത്സരമായിരുന്നു. വാശിയും വീറും കത്തിക്കയറിയപ്പോൾ പന്തയത്തിന്റെ രൂപത്തിലായി പിന്നീടുള്ള കാര്യങ്ങൾ. ത്രികോണ മത്സരത്തിൽ നഷ്ടമായ സീറ്റ് എന്ത് വില കൊടുത്തും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു യുഡിഎഫ്. വാർഡ് നിലനിർത്താൻ എൽഡിഎഫും സജീവമായതോടെ വാർഡ് ഇടതുപക്ഷത്തേക്കോ വലതുപക്ഷത്തേക്കോ എന്ന് തീർത്ത് പറയാൻ പറ്റാത്ത സാഹചര്യത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന വാഹനങ്ങളടക്കമാണ് പന്തയം വെച്ചത്.

ബൈക്കുകൾ, ഓട്ടോറിക്ഷ, മൊബൈൽ ഫോൺ, തല മൊട്ടയടിക്കൽ, പാലിയേറ്റീവിന് സംഭാവന എന്നിങ്ങനെ ചെറുതും വലുതുമായ നിരവധി പന്തയങ്ങളാണ് കറുത്തേനിയിൽ പിറവിയെടുത്തത്. യുഡിഎഫ് ഒറ്റക്കെട്ടായിട്ടും എൽഡിഎഫ് സീറ്റ് നില നിർത്തി അട്ടിമറി വിജയം നേടിയപ്പോൾ പന്തയം വെച്ച വസ്തുക്കൾ വിട്ടുകൊടുക്കാനും മടി കാണിച്ചില്ല. അതിൽ പാലിയേറ്റീവിന് കൊടുക്കുമെന്ന് പന്തയം വെച്ച പതിനായിരം രൂപ മാത്രമാണ് കൊടുക്കേണ്ടി വന്നത്. 

രണ്ട് ബൈക്കുകളും ഒരു ഓട്ടോറിക്ഷയും പന്തയത്തിൽ നിന്ന് രക്ഷപ്പെട്ടു. വാശിയേറിയ പ്രചാരണത്തിനിടെ അയൽവാസികളും അടുത്ത സുഹൃത്തുക്കളുമാണ് പരസ്പരം കൊമ്പ് കോർത്ത് പന്തയത്തിനിറങ്ങിയത്. ഫലം പുറത്ത് വരികയും ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തതോടെ വിജയികളുടെ മനസ്സു മാറി. പന്തയം വെച്ച വസ്തുക്കളെല്ലാം സുഹൃത്തുക്കൾക്ക് വിട്ടുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.