തൃശൂർ: കോടികൾ ചെലവിട്ട് ഭാരതപുഴയിൽ നിർമ്മിച്ച തടയിണ കമ്മിഷൻ ചെയ്യും മുമ്പേ പാഴായെന്ന് ആക്ഷേപം. വെള്ളം കെട്ടി നിർത്താനാവുമെന്ന പ്രതീക്ഷയിൽ ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപം ഭാരതപ്പുഴയിൽ ഷൊർണ്ണൂർ  - ചെറുതുരുത്തി തീരങ്ങളെ ബന്ധിപ്പിക്കുന്ന തടയിണയാണ് ഫലം ചെയ്യാതെ നോക്കുകുത്തിയാവുന്നത്. പ്രളയാനന്തരം ഒരു തുള്ളിപോലും വെള്ളം തടഞ്ഞുനിർത്താനാവാത്ത വിധത്തിൽ വരണ്ടുണങ്ങാൻ തുടങ്ങിയ പുഴയിലെ ഈ ചെക്ക് ഡാം പ്രദേശമാകെ ചെളി നിറഞ്ഞ നിലയിലായിരുന്നു. നാട് പ്രതിഷേധം കടുപ്പിക്കും മുമ്പേ ഇറിഗേഷൻ വകുപ്പ് ചെളി നീക്കം ചെയ്യുകയാണിപ്പോൾ.
മാസങ്ങൾക്ക് മുമ്പാണ് തടയിണ  നിർമാണം പൂർത്തിയാക്കിയത്. നിർമ്മാണത്തിന്‍റെ ഒന്നാം ഘട്ടത്തിൽ 2 കോടി 80 ലക്ഷം ചെലവഴിച്ചു. രണ്ടാം ഘട്ടത്തിൽ 14 കോടി രൂപയ്ക്ക് താഴെയാണ് ടെണ്ടർ വിളിച്ചതെങ്കിലും 15 കോടി രൂപ നൽകാനുള്ള വഴിവിട്ട നീക്കം നടക്കുന്നതായും ആരോപണമുണ്ട്.

17 കോടി 80 ലക്ഷം രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 360 മീറ്റർ നീളത്തിൽ 2 -1/2 മീറ്റർ ഉയരത്തിലാണ് നിർമാണം പൂർത്തിയാക്കിയത്. തടയിണയ്ക്ക് കിഴക്കോട്ടായി 5 കിലോമീറ്റർ ദൂരത്തോളം വെള്ളം കെട്ടി നിർത്താനാവുമെന്നായിരുന്നു ഇറിഗേഷൻ വകുപ്പിന്‍റെ വാദം. എന്നാൽ ആ വാദം പൊള്ളയാണെന്ന് ഇതിനോടകം തെളിഞ്ഞു. അര കിലോമീറ്റർ പോലും വെള്ളം കെട്ടി നിൽക്കില്ലെന്ന് ഇപ്പോഴത്തെ ഭാരതപ്പുഴയുടെ അവസ്ഥ ബോധ്യപ്പെടുത്തുന്നു. യാതൊരു പാരിസ്ഥിതിക പഠനവും നടത്താതെയാണ് ഡാം നിർമ്മിച്ചിട്ടുള്ളതെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്. 

 

ഡാം നിർമ്മാണത്തിനായി നീക്കം ചെയ്ത മണലും മണ്ണും പുഴയിൽ തന്ന തട്ടി നിരത്താനായി ലക്ഷങ്ങൾ വക കൊള്ളിച്ചിരുന്നു. എന്നാൽ പുഴയിൽ  കുന്നോളം കൂടി കിടക്കുന്ന മണലും മണ്ണും ഡാമിനോട് ചേർത്തിടുക മാത്രമാണ് അന്ന് ചെയ്തത്. നിർദ്ദിഷ്ട റിസർവോയർ ഭാഗത്തെ കുണ്ടും കുഴിയുമായി കിടന്ന സ്ഥലങ്ങളിലെ മണലും മണ്ണും തട്ടി നിരത്താൻ പോലും തയ്യാറായിട്ടില്ല. 

കാലവർഷം ആരംഭിക്കും മുമ്പ് തട്ടികൂട്ടുപണി നടത്തി ഡാമിന്‍റെ ഷട്ടറുകൾ അടച്ചിട്ടു. വെള്ളം വരുന്നതോടെ മണൽ കൂനകളും മൺ തിട്ടകളും അതിനടിയിലാവുമെന്ന പ്രതീക്ഷയിലായിരുന്നു കരാറുകാരും ഇറിഗേഷൻ ഉദ്യോഗസ്ഥരും. വെള്ളം തങ്ങിനിൽക്കാൻ തുടങ്ങിയാൽ തട്ടിനിരപ്പ് പൂർത്തിയാക്കിയെന്ന് റിപ്പോർട്ടാക്കി ഫണ്ട് കൈക്കലാക്കലായിരുന്നു ലക്ഷ്യമത്രെ. എന്നാല്‍ പ്രളയശേഷം വെള്ളം വറ്റിയപ്പോഴാണ് തട്ടിനിരത്താത്ത മണ്‍കൂനകള്‍ വെളിയിലായത്. 

മുഖ്യമന്ത്രിയെ കൊണ്ട് ഉദ്ഘാടനം  നടത്തുമെന്ന സൂചനകൾ ലഭിച്ചിരുന്നെങ്കിലും ഇതുവരെ പദ്ധതി കമ്മിഷൻ ചെയ്തിട്ടില്ല. ഡാമിലെ ഫൈബർ ഷട്ടറുകൾ മഴയെത്തും മുമ്പേ ഇറിഗേഷൻ വകുപ്പ്  അടച്ചതാണ്. പ്രളയത്തില്‍ ശക്തമായി വെള്ളം ഉയർന്നിട്ടും ഷട്ടർ തുറക്കാനും കഴിഞ്ഞില്ല. പ്രളയം വഴിമാറിയതോടെ പ്രദേശത്തേക്ക് ആർക്കും ചെല്ലാൻ പറ്റാത്ത അവസ്ഥയില്‍ ചെളിനിറഞ്ഞിരിക്കുകയാണ്. മണൽപ്പരപ്പിന്‍റെ സൗന്ദര്യം നശിച്ച് ഇപ്പോള്‍ പുഴയിൽ ചളി കെട്ടികിടക്കുകയാണ്. ദിശമാറിയൊഴുകിയ ഭാരതപ്പുഴയുടെ തീരദേശ റോഡുകളിലും സ്വകാര്യവക്തികളുടെ പറമ്പുകളിലും മണൽക്കൂനകളാണിപ്പോള്‍. 

കഴിഞ്ഞ 33 വർഷമായി ഭാരതപ്പുഴയിൽ നിന്ന് അംഗീകൃതമായും അനധികൃതമായും നടന്ന മണൽ വാരലാണ്  ഭാരതപുഴയുടെ നാശത്തിന് കാരണമായതെന്ന ആക്ഷേപമുണ്ട്. അമിതമായ മണൽ വാരൽ മൂലം  പുഴയുടെ റിവർ ബെഡ് നഷ്ടമായി. മണൽ നഷ്ടപ്പെട്ടതോടെ പുഴയിൽ  ചെടികളും മരങ്ങളും വളരാനും തുടങ്ങി. മണലില്ലാതെ വെള്ളത്തിന് ഭൂമിയിലേക്കിറങ്ങാൻ പറ്റാതെയുമായി. 33 വർഷത്തിനിടയിൽ 10 അടിയിൽ കൂടുതൽ താഴ്ചയാണ് പുഴയിൽ ഉണ്ടായത്. കുണ്ടും കുഴിയും കൂനയുമായി കിടക്കുന്ന അവസ്ഥ ഭാരതപ്പുഴയുടെ സൗന്ദര്യം തകർത്തു.

 2001 ലെ കേരള നദി സംരക്ഷണനിയമം ഉണ്ടായിട്ടും മണൽ വാരുന്നതിൽ ഭരണ- രാഷ്ട്രിയ-ഉദ്യോഗസ്ഥ കുട്ടുകെട്ടും ഗ്രാമപഞ്ചായത്ത്, മുൻസിപ്പൽ അധികൃതരും റവന്യു -ജിയോളജി- പൊലിസ്  വകുപ്പുകളും തൊഴിലാളികളും  ഒറ്റകെട്ടായാണ് നിയമങ്ങൾ കാറ്റിൽ പറത്തുന്നത്. മുപ്പത് ദിവസം മുമ്പ് പ്രളയത്തില്‍ നിറഞ്ഞ് തുളുമ്പി ഇരുകരയും കവർന്നെടുത്ത ഭാരതപ്പുഴയിലെ ഡാം പ്രദേശത്ത് ഇന്ന് ചെറിയ നീർചാലുകൾ മാത്രമാണുള്ളത്.