കൊടുങ്ങല്ലൂർ ടികെഎസ് പുരത്ത് രാത്രിയിൽ മതിലിന് മുകളിൽ പത്തടിയിലേറെ നീളമുള്ള കൂറ്റൻ മലമ്പാമ്പിനെ കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവർ കണ്ണൻ അഷ്ടപദി സ്ഥലത്തെത്തി സാഹസികമായി പാമ്പിനെ പിടികൂടി.

കൊടുങ്ങല്ലൂർ: രാത്രി പത്തര സമയത്തെ ഇരുട്ടിൽ, ടികെഎസ് പുരം ക്ഷേത്രത്തിന് സമീപമുള്ള പുരയിടത്തിൽ നിന്നുള്ള ശബ്ദം കേട്ടാണ് നാട്ടുകാര്‍ മതിലിന് മുകളിലേക്ക് നോക്കിയത്, ആ കാഴ്ച കണ്ട് നാട്ടുകാര്‍ ആദ്യമൊന്നു ഭയന്നു. പത്തടിയിലേറെ നീളമുള്ള ഒരു കൂറ്റൻ മലമ്പാമ്പായിരുന്നു മതിലിൽ ചുറ്റിവരിഞ്ഞ് കിടന്നത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് ഭീമൻ പാമ്പിനെ നാട്ടുകാർ മതിലിന് മുകളിൽ ചുറ്റിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇരുട്ടിൽ, മതിലിനോട് ചേർന്ന് വിശ്രമിക്കുകയായിരുന്നു പാമ്പ്.

കൂറ്റൻ പാമ്പിനെ പിടികൂടാൻ നാട്ടുകാർ ഉടൻ തന്നെ സ്നേക്ക് റെസ്ക്യൂവർ കണ്ണൻ അഷ്ടപദിയെ വിവരമറിയിച്ചു. രാത്രി ഏറെ വൈകിയും, ടോര്‍ച്ച് വെളിച്ചത്തിൽ കണ്ണൻ നടത്തിയ ദൗത്യം ഏറെ സാഹസികമായിരുന്നു. മതിലിന് മുകളിൽ ചുരുണ്ടുകൂടി കിടന്ന മലമ്പാമ്പിനെ നിയന്ത്രണത്തിലാക്കാൻ ഏറെ നേരം അദ്ദേഹത്തിന് പണിപ്പെടേണ്ടി വന്നു. വലിപ്പവും ശക്തിയും കൂടുതലായ പാമ്പിനെ സുരക്ഷിതമായി പിടികൂടാൻ പ്രത്യേക ശ്രദ്ധ വേണ്ടിയിരുന്നു.

View post on Instagram

ഒടുവിൽ, നാട്ടുകാരുടെ ശ്വാസമടക്കിപ്പിടിച്ചുള്ള കാത്തിരിപ്പിന് വിരാമമിട്ട്, മലമ്പാമ്പിനെ കണ്ണൻ അഷ്ടപദി പിടികൂടി. അധികം വൈകാതെ പാമ്പിനെ സുരക്ഷിതമായ വനമേഖലയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. മനുഷ്യവാസമുള്ള പ്രദേശത്ത് ഇത്രയും വലിയ പാമ്പിനെ കണ്ടത് ടികെഎസ് പുരം നിവാസികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.