വലിയ വേളാപാര മത്സ്യം ആയിരിക്കുമെന്നു കരുതി തീരക്കടലില്‍ എത്തിച്ചപ്പോഴാണു തിമിംഗല സ്രാവ് ആണെന്ന് അറിയുന്നത്. ഉച്ചയോടെ കരയിലെത്തിച്ചു. 

തിരുവനന്തപുരം: മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയ ഒന്നര ടണ്ണോളം ഭാരമുള്ള ഉടുമ്പന്‍ സ്രാവ്(Shark) എന്നറിയപ്പെടുന്ന തിമിംഗല സ്രാവ് തിരികെ കടലില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ചത്തു. തുമ്പയിലാണ് സംഭവം. തുമ്പയില്‍ നിന്നു പരമ്പരാഗത വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ ബീമാപള്ളി സ്വദേശി ഷാഹുലിന്റെ കമ്പ വലയിലാണു സ്രാവ് പെട്ടത്. വലിയ വേളാപാര മത്സ്യം ആയിരിക്കുമെന്നു കരുതി തീരക്കടലില്‍ എത്തിച്ചപ്പോഴാണു തിമിംഗല സ്രാവ് ആണെന്ന് അറിയുന്നത്. ഉച്ചയോടെ കരയിലെത്തിച്ചു. വല അറുത്തു മാറ്റി ജീവന്‍ ഉണ്ടായിരുന്ന സ്രാവിനെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നു തിരികെ കടലില്‍ ഇറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തീരത്തു കുടുങ്ങിക്കിടക്കുമ്പോള്‍ ചെകിളയില്‍ വന്‍ തോതില്‍ മണല്‍ അടിഞ്ഞതിനെ തുടര്‍ന്ന് സ്രാവ് ചത്തു. മത്സ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലിപ്പംവെക്കുന്ന സ്രാവ് ഇനമാണിത്. വലിപ്പം കൊണ്ടാണു തിമിംഗലത്തിന്റെ പേരു ചേര്‍ത്തു വിളിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സ്രാവിനെ കരയില്‍ കുഴിച്ചുമൂടുമെന്നു കഠിനംകുളം പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഇന്നലെ അവധി ദിവസം ആയിരുന്നതിനാല്‍ നൂറു കണക്കിന് ആളുകളാണു കടപ്പുറത്ത് സ്രാവിനെ കാണാന്‍ എത്തിയത്.