കുട്ടിക്കാനം മരിയൻ കോളേജിലെ മൂന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിനി അനുപമ മോഹനനാണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന അമീർ എന്ന വിദ്യാർത്ഥിക്കും ഗുരുതരമായി പരുക്കേറ്റു.
കോട്ടയം: എരുമേലി കൊരട്ടി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു. കുട്ടിക്കാനം മരിയൻ കോളേജിലെ മൂന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിനി അനുപമ മോഹനനാണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന അമീർ എന്ന വിദ്യാർത്ഥിക്കും ഗുരുതരമായി പരുക്കേറ്റു. അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അമ്പലവളവ് ഭാഗത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇളപ്പുങ്കൽ വീട്ടിലെ ഇരുമ്പ് ഗേറ്റ് ഇടിച്ചു തകർത്തു 20 അടി ഉള്ളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ചികിൽസയിലുള്ള അമീർ പീരുമേട് എസ് ഐ നൗഷാദിന്‍റെ മകനാണ്. സുഹൃത്തിന്‍റെ വീട്ടിൽ പോയി വരവേയാണ് അപകടമെന്ന് പൊലീസ് അറിയിച്ചു.
ഗുണ്ടൽപേട്ടിൽ വാഹനാപകടം: രണ്ട് വയനാട് സ്വദേശികൾക്ക് ദാരുണാന്ത്യം
കേരളത്തോട് അടുത്ത് കിടക്കുന്ന കർണാടക അതിർത്തി പ്രദേശമായ ഗുണ്ടൽപേട്ടിൽ വാഹനാപകടം. അപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശി എൻ കെ അജ്മലിനെ തിരിച്ചറിഞ്ഞു. അജ്മൽ ഓടിച്ച പിക്കപ്പ് വാൻ എതിരെ വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് അപകടമുണ്ടായത്. 20 വയസ്സുകാരനാണ് മരിച്ച അജ്മൽ. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.