തിരുവനന്തപുരം: കല്ലമ്പലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നു യുവാക്കൾക്ക് പരിക്ക്. കല്ലമ്പലം പുതുശ്ശേരിമുക്ക് സ്വദേശികളായ സൈജു (25), ഷൈജു (26), രാഹുൽ (19) എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ ഒരുമണിയോടെ കല്ലമ്പലം ജംഗ്ഷനിലായിരുന്നു അപകടം. മൂന്ന് സുഹൃത്തുക്കളും ഒരേ ബൈക്കിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ വശവും ബൈക്കും പൂർണ്ണമായും തകർന്നു. 

റോഡിൽ തെറിച്ചുവീണ മൂവരെയും കല്ലമ്പലം പൊലീസെത്തി ചാത്തൻപാറ കെ. ടി. സി. ടി ആശുപത്രിയിലും തുടർന്ന് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടുപേർ അപകട നില തരണം ചെയ്തതായും സൈജുവിന്റെ നില ഗുരുതരാവസ്ഥയിൽ തുടരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. നാവായിക്കുളത്തു നിന്ന് കല്ലമ്പലം അഗ്നിശമനസേനയെത്തി റോഡ് ശുചീകരിച്ചു.