മലപ്പുറം വണ്ടൂർ സ്വദേശി ജിഷ്ണുരാജാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പാലക്കാട്: കണ്ടെയ്നർ ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശി ജിഷ്ണുരാജാണ് (26) മരിച്ചത്. പാലക്കാട്ടെ മരുതറോഡിലാണ് അപകടമുണ്ടായത്. കഞ്ചിക്കോട് കിൻഫ്രയിലെ പ്ലാസ്റ്റിക് നിർമാണ കമ്പനിയിലെ ജീവനക്കാരനാണ് ജിഷ്ണു. അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ പാലക്കാട് കഞ്ചിക്കോടിന് സമീപം കുരുടിക്കാട് ദീർഘദൂര സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. ഇന്ന് രാവിലെ 7:30 ഓടെയാണ് അപകടം. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
അതിനിടെ ബാലരാമപുരത്ത് രണ്ട് അപകടങ്ങളിലായി മൂന്ന് മരണം. മിനി ലോറിയും സ്കൂട്ടറും ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ പെരുമ്പഴുതൂർ സ്വദേശി അഖിൽ (22), സാമുവൽ (22) എന്നിവരാണ് മരിച്ചത്. 19 വയസുള്ള അഭിൻ പരിക്കുകളോടെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി നടപടികൾ സ്വീകരിച്ച് തിരികെ പോകുമ്പോൾ മതിലിൽ ഇടിച്ച് ബൈക്ക് യാത്രികനായ മനോജ് (26) മരിച്ചെന്ന് പ്രദേശവാസികൾ പറഞ്ഞു.