കോഴിക്കോട് ചാലിയത്ത് മത്സ്യത്തൊഴിലാളിയുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയായ മഞ്ചേരി സ്വദേശിയെ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച ബൈക്കുകൾ വിറ്റ് ആഡംബര ജീവിതം നയിച്ചിരുന്ന ഇയാളെ കോയമ്പത്തൂരിലേക്ക് കടക്കാൻ ശ്രമിക്കവെ പാലക്കാട് വെച്ചാണ് പിടികൂടിയത്. ഇതോടെ പ്രദേശത്തെ മറ്റ് ബൈക്ക് മോഷണ കേസുകൾക്കും തുമ്പുണ്ടായി.
കോഴിക്കോട്: ബൈക്ക് മോഷണം പതിവാക്കിയ സംഘത്തില്‍പ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മഞ്ചേരി സ്വദേശി അന്‍ഷിഫാണ് പിടിയിലായത്. കോഴിക്കോട് ചാലിയം ഫോറസ്റ്റ് ഓഫീസിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മത്സ്യതൊഴിലാളിയുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ് നടപടി. ഇയാള്‍ പിടിയിലായതോടെ മറ്റു ചില ബൈക്ക് മോഷണ കേസുകള്‍ക്കും തുമ്പുണ്ടായതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 28ാം തീയതി ചാലിയം പോസ്റ്റ് ഓഫീസിന് സമീപത്താണ് തന്റെ ബജാജ് പള്‍സര്‍ ബൈക്ക് നിര്‍ത്തിയിട്ട് കടലുണ്ടി സ്വദേശിയായ യുവാവ് മത്സ്യബന്ധനത്തിനായി പോയത്. പിന്നീട് അന്‍ഷിഫും സംഘവും ഇത് മോഷ്ടിച്ച് കടത്തുകയായിരുന്നു. ഫറോക്ക്, ബേപ്പൂര്‍ മേഖലയില്‍ ബൈക്ക് മോഷണം വര്‍ധിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫറോക്ക് എസിപിയുടെ നിയന്ത്രണത്തിലുള്ള സ്ക്വാഡും ബേപ്പൂര്‍ പൊലീസും അന്വേഷണം അതിര്‍ത്തി ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് മോഷണം പോയ ബൈക്ക് മഞ്ചേരിയിലെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയില്‍ നിന്നും കണ്ടെത്തി.
പൊലീസ് പിന്നാലെയുണ്ടെന്ന് തിരിച്ചറിഞ്ഞ സംഘം വിവിധ സ്ഥലങ്ങളില്‍ ഒളിച്ചു താമസിച്ചു വരികയായിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും സമാന കേസുകളില്‍ ഉള്‍പ്പെട്ടവരെ നിരീക്ഷിച്ചുമാണ് കോയമ്പത്തൂരിലേക്ക് രക്ഷപ്പെട്ടു പോകാന്‍ ശ്രമിക്കവെ പാലക്കാട് വെച്ച് അന്ഷിഫിനെ സാഹസികമായി പിടിച്ചത്. ഇയാള്‍ ഉപയോഗിച്ചിരുന്ന മലപ്പുറം കീഴിശ്ശേരി ഭാഗത്ത് നിന്നും മോഷ്ടിച്ച തണ്ടര്‍ ബൈക്കും കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിച്ച ബൈക്കുകള്‍ വിറ്റ് കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു ഇയാള്‍.
