കോഴിക്കോട്:  ബൈക്ക്  മോഷണവും പെൺകുട്ടികളെ വലയിലാക്കി സ്വർണ്ണവും മറ്റും കൈക്കലാക്കുന്ന യുവാവ് അറസ്റ്റിലായി. കൊയിലാണ്ടി കൊല്ലം കിഴക്കേ വാര്യംവീട്ടിൽ ഷാനിദ്( 26) ആണ് അറസ്റ്റിലായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും കാണാതായ ബൈക്കുമായി മോഷ്ടാവ്  റൂറൽ ജില്ലയിലും സിറ്റിയുടെ ചിലഭാഗങ്ങളിലും സഞ്ചരിക്കുന്നെന്ന വിവരത്തിൻ്റെ  അടിസ്ഥാനത്തിൽ ജില്ലയിൽ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. 

പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ സമയത്തുതന്നെ കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പെൺകുട്ടിയുമായി ഒരു ചെറുപ്പക്കാരനെ  കാണാതായിട്ടുണ്ടെന്ന് വിവരം ലഭിച്ചു. കാണാതായ പെൺകുട്ടിയുടെ കൂടെ ഉണ്ടായ  ചെറുപ്പക്കാരന് ഈ ഫോട്ടോയുമായി സാമ്യമുണ്ടന്ന തിരിച്ചറിവിൽ കുന്ദമംഗലം എസ്ഐ ശ്രീജിത്തും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എസ്.ഐ ധനഞ്ജയ ദാസും സംയുക്തമായി ചേർന്ന് കോഴിക്കോട് എസിപി (നോർത്ത് ) അഷ്റഫിൻ്റെ നിർദേശത്തിൽ  അന്വേഷണം നടത്തിയാണ് അറസ്റ്റ് ചെയ്തത്.

കാണാതായ പെൺകുട്ടിയെ ബാംഗ്ലൂരിൽ വച്ച് കണ്ടെത്തുകയും കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരനെ കുന്ദമംഗലത്ത് വെച്ച് മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തി ചോദ്യംചെയ്തു. ചോദ്യം ചെയ്യലിലാണ് കൂടുതൽ കേസുകൾ പുറത്തറിയുന്നത്.

കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന്  ബൈക്ക് മോഷണം നടത്തിയതായി  സമ്മതിക്കുകയും അതുപ്രകാരം രണ്ട് വാഹനങ്ങളും  ബാലുശ്ശേരി,  മേത്തോട്ട് താഴം എന്നിവിടങ്ങളിൽ നിന്നും പോലീസ്  കസ്റ്റഡിയിലെടുത്തു.  അറസ്റ്റ് ചെയ്തത് കുന്ദമംഗലം കോടതിയിൽ ഹാജരാക്കി ഷാനിദിനെ റിമാൻഡ് ചെയ്തു.

ഷാനിദ് മുൻപ് നിരവധി കേസിൽ പ്രതിയാണൈന്നും  കൊയിലാണ്ടിയിൽ വാഹനമോഷണവുമായി ബന്ധപ്പെട്ട്  ആറുമാസത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ്. കൂടാതെ സാമ്പത്തികമായി ഉയർന്ന വീട്ടിലെ പെൺകുട്ടികളെ പ്രണയിച്ച് സ്വർണ്ണവും മറ്റും കവർന്നതായും പൊലീസ് പറയുന്നു.