റെയിൽവേ ക്വാട്ടേഴ്‌സ് പരിസരത്ത് നിന്ന് നിർത്തിയിട്ട പാഷൻ പ്രോ ബൈക്കും, സി ടി ടവർ ടൂറിസ്റ്റ് ഹോമിൽ നിർത്തിയിട്ട 350 സി സി റോയൽ എൻഫീൽഡ് ബൈക്കുമാണ് മോഷണം പോയത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിടുകയും ചെയ്തിരുന്നു.

പാലക്കാട്: റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു ബൈക്ക് മോഷണം നടത്തുന്ന സംഘം ഷൊർണൂർ പൊലീസിന്‍റെ പിടിയിലായി. ഈ മാസം ആറിനാണ് ഷൊർണൂരിൽ നിന്ന് രണ്ട് ബൈക്കുകൾ മോഷണം പോയത്. റെയിൽവേ ക്വാട്ടേഴ്‌സ് പരിസരത്ത് നിന്ന് നിർത്തിയിട്ട പാഷൻ പ്രോ ബൈക്കും, സി ടി ടവർ ടൂറിസ്റ്റ് ഹോമിൽ നിർത്തിയിട്ട 350 സി സി റോയൽ എൻഫീൽഡ് ബൈക്കുമാണ് മോഷണം പോയത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിടുകയും ചെയ്തിരുന്നു.

ജില്ലാ പൊലീസ് മേധാവി ആനന്ദിന്റെ നിർദ്ദേശപ്രകാരം ഷൊർണനൂർ ഡിവൈഎസ്പി പി സി ഹരിദാസ്, ഷൊർണൂർ സിഐ പി സി ഷിജു, എസ്ഐ എസ് രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടിയത്.

വാഹനം മോഷണം നടത്തിയ തവ്വന്നൂർ സ്വദേശികളായ കുറുപ്പംവീട്ടിൽ റിജിൻ ദാസ് (19), കുണ്ടുപറമ്പിൽ വീട്ടിൽ പ്രണവ് (19) ബൈക്ക് മോഷണ സംഘത്തിൽ നിന്ന് ബൈക്ക് വാങ്ങി ഉപയോഗിച്ച മുതുതല ചോലയിൽ വീട്ടിൽ ശ്രീജിത്ത് (22), വാഹനം വില്‍പ്പന നടത്തുന്നതിന് സഹായിച്ച പട്ടാമ്പി കൂരിപറമ്പിൽ വീട്ടിൽ ജിബിൻ (21), ബെൻഷാദ് എന്നിവരെയാണ് ഷൊർണൂർ പൊലീസ് വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടിയത്.

എസ്സിപിഒ കെ അനിൽകുമാർ, സിപിഒമാരായ ഷെമീർ, റിയാസ്, രോഹിത്, പ്രദീപ്‌ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. മോഷണം പോയ വാഹനങ്ങൾ പ്രതികളിൽ നിന്ന് റിക്കവറി ചെയ്തതായും അന്വേഷണ സംഘം ഉദ്യോഗസ്ഥർ അറിയിച്ചു. ഷൊർണൂർ കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ടു മാസങ്ങളിലായി മോഷണവും, കവർച്ചയും നടത്തിയ വിവിധ സംഘങ്ങളെയും പ്രതികളെയും പിടികൂടാൻ ഷൊർണൂർ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. 

കാർത്തിക ബാറിന് സമീപം സംശയ സാഹചര്യത്തിൽ കണ്ടെത്തിയ യുവാക്കൾ; ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് വാഹനമോഷണ കഥ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം