മൂന്ന് കുഞ്ഞുങ്ങളുള്ള ഈ കുടുംബം പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി അർധരാത്രിയിൽ പോലും അയൽവീടിന്റെ വാതിലിൽ മുട്ടേണ്ട ഗതികേടിലാണ്.

കൊല്ലം: കക്കൂസിന് കുഴികുത്താനുള്ള അനുവാദം പോലും നൽകാതെ, ഒരു കുടുംബത്തെ ദുരിതത്തിലാക്കുന്ന ഉദ്യോഗസ്ഥരുണ്ട് കൊല്ലം കോർപറേഷനിൽ (Kolalm Corporation). കടവൂർ സ്വദേശി ബിനുവും കുടുംബവുമാണ്, ഉദ്യോഗസ്ഥ അലംഭാവത്തിന്റെ ചുവപ്പുനാടയിൽ ശങ്ക മാറ്റാൻ ഇടമില്ലാതെ കുരുങ്ങിക്കിടക്കുന്നത്. മൂന്ന് കുഞ്ഞുങ്ങളുള്ള ഈ കുടുംബം പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി അർധരാത്രിയിൽ പോലും അയൽവീടിന്റെ വാതിലിൽ മുട്ടേണ്ട ഗതികേടിലാണ്.

കാഴ്ചയില്‍ വലിയ വീട്ടിലാണ് കൊല്ലം കടവൂരിലെ പ്രവാസിയായ ബിനുവും ഭാര്യ റിന്‍സിയും താമസിക്കുന്നത്. പക്ഷേ ഈ വീടിന് ഒരു കുറവുണ്ട്. ഈ വീടിന് കക്കൂസ് ഉപയോഗിക്കാനാവില്ല. കാരണം ഇവിടെ കക്കൂസ് മാലിന്യങ്ങള്‍ തളളാനുളള സെപ്റ്റിക് ടാങ്കില്ല. സെപ്റ്റിക് ടാങ്ക് പണിയാന്‍ ഇവര്‍ മറന്നതല്ല. ഉണ്ടായിരുന്ന സെപ്റ്റിക് ടാങ്ക് ഒറ്റ ദിവസം കൊണ്ട് കൊല്ലം കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചു കളഞ്ഞതാണ്.

ആറു സെന്‍റ് സ്ഥലത്ത് വീടിന്‍റെ പണി തുടങ്ങും മുമ്പ് കോര്‍പറേഷനില്‍ നിന്നുളള മുഴുവന്‍ അനുമതിയും ഇവര്‍ വാങ്ങിയിരുന്നു. ഈ വീടിന്‍റെ സെപ്റ്റിക് ടാങ്കിന്‍റെ ഏഴര മീറ്റര്‍ പരിധിയിലെങ്ങും കിണറുകളോ മറ്റു ജലാശയങ്ങളോ ഇല്ലെന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ രേഖകളില്‍ കൃത്യമായി സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും വീട് പണി തീര്‍ന്ന് മൂന്നു കുഞ്ഞു മക്കളുമായി ഈ കുടുംബം താമസം തുടങ്ങിയ ഘട്ടത്തില്‍ തൊട്ടടുത്ത വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരു നോട്ടീസ് പോലും കൊടുക്കാതെ സെപ്റ്റിക് ടാങ്ക് പൊളിച്ചു നീക്കിയത്.

സ്വന്തം ഭാഗത്ത് ന്യായമുണ്ടായിരുന്നിട്ടും കോര്‍പറേഷന്‍ നടപടിക്കെതിരെ ഇവര്‍ കേസിനും വഴക്കിനുമൊന്നും പോയില്ല. പകരം ഈ വീടിന്‍റെ മറ്റൊരു ഭാഗത്ത് സെപ്റ്റിക് ടാങ്ക് പണിയാന്‍ അനുമതി തേടി ഈ കുടുംബം വീണ്ടും കോര്‍പറേഷനെ സമീപിച്ചു. ഇപ്പോ ആറു മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഓരോ നിസാര കാരണങ്ങള്‍ പറഞ്ഞ് ഇവരുടെ അപേക്ഷ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ വൈകിപ്പിക്കുകയാണ്. എന്നു വച്ചാല്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ അയല്‍പക്കത്തുളള മറ്റൊരു വീടിനെ ആശ്രയിച്ചാണ് ഇന്ന് ബിനുവിന്‍റെയും റിന്‍സിയുടെയും മൂന്ന് മക്കളുടെയും ജീവിതമെന്ന് ചുരുക്കം.

തന്‍റെ അപേക്ഷയില്‍ തീരുമാനം വേഗം എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിനു കോര്‍പറേഷന്‍ സെക്രട്ടറിയെ സമീപിച്ചിരുന്നു. സെക്രട്ടറി മറുപടി കത്തും നൽകി. കോര്‍പറേഷന്‍റെ മുഴുവന്‍ അനുമതിയോടെയും വീടു വച്ച ഈ കുടുംബം തൊട്ടയല്‍വക്കത്തെ വീട്ടിലെ കക്കൂസ് ഉപയോഗിച്ചോളണം എന്നാണ് ബഹുമാനപ്പെട്ട കൊല്ലം കോര്‍പറേഷന്‍ സെക്രട്ടറി എഴുതി കത്തിൽ പറഞ്ഞിരിക്കുന്നതിന്റെ രത്നച്ചുരുക്കം. 

കോര്‍പറേഷന്‍ ഓഫിസ് കയറിയിറങ്ങി ഗതികെട്ടിരിക്കുന്നു ഈ കുടുംബം. ഈ പ്രശ്നം കാരണം ഗള്‍ഫിലേക്ക് തിരിച്ചു പോകാനാകാതെ ബിനുവിന്‍റെ ജോലിയും പോയി. സര്‍ക്കാരോഫീസ് കയറിയിറങ്ങി മടുത്തപ്പോള്‍ ആത്മഹത്യ ചെയ്ത പറവൂരിലെ സജീവന്‍റെ സ്ഥിതിയിലാണ് ഇന്ന് ബിനുവും ഭാര്യയും. ഒരുപക്ഷേ കൊല്ലം കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ പേരെഴുതിവച്ച് നാളെ ഈ കുടുംബം ഒരു കടുംകൈ ചെയ്താല്‍ വകുപ്പ് മന്ത്രി മുതല്‍ കോര്‍പറേഷനിലെ പ്യൂണ്‍ വരെയുളളവര്‍ സെപ്റ്റിക് ടാങ്ക് നിര്‍മാണത്തിനുളള അനുമതിയുമായി ഈ വീടിന് മുന്നില്‍ ക്യൂ നില്‍ക്കുന്നത് കാണേണ്ടിയും വരും.

YouTube video player