കോട്ടയം ഉദയനാപുരം പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗബാധിത മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ നശിപ്പിക്കാൻ ഉത്തരവിട്ടു. സമീപത്തെ 8 തദ്ദേശ സ്ഥാപനങ്ങളിൽ കോഴി, താറാവ് എന്നിവയുടെ ഇറച്ചിക്കും മുട്ടയ്ക്കും മൂന്നു ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി. മനുഷ്യരിലേക്ക് രോഗം പകരാൻ സാധ്യത കുറവാണെന്നും അധികൃതർ അറിയിച്ചു

കോട്ടയം: കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ഉദയനാപുരം പഞ്ചായത്തിലെ പതിനാറാം വാർഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴികളെയും വളർത്തു പക്ഷികളെയും അടിയന്തരമായി നശിപ്പിക്കാൻ തീരുമാനിച്ചു. വൈക്കം നഗരസഭ ഉൾപ്പെടെ 8 തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളിലും നിയന്ത്രണം ഏ‌ർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇവിടങ്ങളിൽ താറാവ്, കോഴി തുടങ്ങിയ വളർത്തു പക്ഷികളുടെ മുട്ടയും ഇറച്ചി ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും മൂന്നു ദിവസത്തേക്ക് നിയന്ത്രണം പ്രഖ്യാപിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പക്ഷിപ്പനി പക്ഷികളിൽ പടരുന്ന ഒരു വൈറസ് രോഗമാണ്.

മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യത കുറവാണ്.

പൊതുജനങ്ങൾ അനാവശ്യമായി ഭയപ്പെടേണ്ടതില്ല.

പക്ഷികളിൽ കാണുന്ന പ്രധാന രോഗലക്ഷണങ്ങൾ

കൂട്ടമായി തൂവൽ കൊഴിയുക

മുട്ട ഇടുന്നത് കുറയുക / കട്ടിയുള്ള തോടോട് കൂടിയ മുട്ട ഇടുക

തീറ്റയെടുക്കാൻ മടിക്കുക, മന്ദത

പൂവ്, കൊക്ക്, ആട എന്നിവയിൽ നീലനിറം

വയറിളക്കം, തലയും കണ്ണിന് ചുറ്റും നീർകെട്ട്

ശ്വാസതടസ്സം, നടക്കാനും നിൽക്കാനും ബുദ്ധിമുട്ട്

രോഗം മൂർഛിച്ചാൽ പക്ഷി ചത്തു പോകാം

രോഗം പകരുന്ന രീതി

രോഗാണുബാധയുള്ള പക്ഷികളുടെ സ്രവങ്ങളിലൂടെ വൈറസ് പുറത്തു വരുന്നു.

വായുവിലെ സൂക്ഷ്മകണികകളിലൂടെയും, മലിനമായ തീറ്റയിലൂടെയും, തുണി, പക്ഷിക്കൂട്, രോഗബാധയുള്ള പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയിലൂടെയും രോഗം പകരാം.

ഇവയുമായുള്ള സമ്പർക്കത്തിലൂടെയും വൈറസ് അടങ്ങിയ സൂക്ഷ്മകണികകൾ ശ്വസിക്കുന്നതിലൂടെയും രോഗാണു മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നു.