സുരക്ഷാ കാരണം പറഞ്ഞ് എയര്‍ ഇന്ത്യ ഒഴികെ മറ്റു വിമാന കമ്പനികൾ സാമ്പിളുകൾ കൊണ്ടു പോകാന്‍ തയ്യാറാവുന്നില്ല. ഫലം വൈകുന്നത് പ്രതിരോധ നടപടികളെ ഗുരുതരമായ ബാധിക്കുന്ന സാഹചര്യമാണെന്ന് ജില്ലാ കലക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി പടരവേ, സാമ്പിളുകള്‍ ഭോപ്പാലിലെ പരിശോധനക്ക് കൊണ്ടുപോകുന്നതില്‍ നിഷേധാത്മ നിലപാടുമായി വിമാന കമ്പനികൾ. സുരക്ഷാ കാരണം പറഞ്ഞ് എയര്‍ ഇന്ത്യ ഒഴികെ മറ്റു വിമാന കമ്പനികൾ സാമ്പിളുകൾ കൊണ്ടു പോകാന്‍ തയ്യാറാവുന്നില്ല. ഫലം വൈകുന്നത് പ്രതിരോധ നടപടികളെ ഗുരുതരമായ ബാധിക്കുന്ന സാഹചര്യമാണെന്ന് ജില്ലാ കലക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതോടൊപ്പം വിമാനയാത്ര ചെലവും ഏറിയതോടെ ട്രെയിനില്‍ സാമ്പിളുകൾ അയക്കേണ്ട ഗതികേടിലാണ് ജില്ലാ ഭരണകൂടം. 

പക്ഷിപ്പനിയില്‍ ആലപ്പുഴ ജില്ല നേരിടുന്നത് ഗുരുതര സാഹചര്യം. ഹരിപ്പാട് വഴുതാനയില്‍ ഇതിനകം ഇരുപതിനായിരത്തിലേറെ താറാവുകളെ കൊന്നു. ചെറുതനയിലെ ഒരുഫാമിലും പക്ഷിപ്പനിയെന്ന ആശങ്ക നിലനില്‍ക്കുന്നു. ഇതിനിടയിലാണ് സാമ്പിളുകൾ ഭോപ്പാലില്‍ പരിശോധനക്ക് കൊണ്ടു പോകുന്നതില്‍ കൊച്ചിയില്‍ നിന്നുള്ള വിമാന കമ്പനികൾ നിഷേധാത്മക നിലപാട്.

പക്ഷിപ്പനിയുടെ ലക്ഷണം കണ്ടാല്‍ ആദ്യം തിരുവല്ലയിലെ പക്ഷിരോഗ നിർണ്ണയ കേന്ദ്രത്തിലാണ് പ്രാഥമിക പരിശോധന നടത്തുക. പോസിറ്റിവ് എന്നു കണ്ടാല്‍ ഭോപ്പാലിലെ കേന്ദ്ര ലാബിലേക്ക് അയക്കണം. തുടര്‍ന്ന് പക്ഷിപ്പനി സ്ഥിരീകരിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ വി‍ജ്‍ഞാപനം വന്നാലെ പക്ഷികളെ കൊല്ലാൻ സംസ്ഥാനങ്ങള്‍ക്ക് കഴിയൂ. എന്നാല്‍ എയർ ഇന്ത്യ ഒഴിച്ചുള്ള വിമാനക്കമ്പനികൾ പക്ഷികളുടെ സാമ്പിൾ കൊണ്ടു പോകാന്‍ വിസമ്മതിക്കുന്നു. കഴിഞ്ഞ വർഷം ലഗേജായി കൊണ്ടുപോകാമായിരുന്നു. പിന്നീടത് കാര്‍ഗോയാക്കി. ഇപ്പോള്‍ കാർ​ഗോ ആയിട്ടു പോലും കയറ്റാൻ സമ്മതിക്കില്ല. യാത്രക്കാര്‍ക്ക് സുരക്ഷാ ഭീഷണിയെന്നാണ് ന്യായീകരണം.

മറ്റ് വിമാനക്കമ്പനികളെ അപേക്ഷിച്ച് എയർ ഇന്ത്യയിൽ ചെലവ് കൂടുതലാണ്. സാമ്പിളുകളുമായി ഒരാളെ അയക്കണമെങ്കില്‍ അറുപതിനായിരം രൂപക്ക് മുകളിൽ ചെലവ് വരും. വിവിധ സ്ഥലങ്ങളില്‍ നിന്ന് പല ദിവസങ്ങളിലായി സാമ്പിളുകൾ ശേഖരിക്കുന്നതിനാൽ വന്‍ തുക കണ്ടെത്തേണ്ടിവരും. ഈ സാഹചര്യത്തില്‍ ട്രെയിനെ ആശ്രയിക്കാനാണ് തീരുമാനം. ചെറുതനയിലെ വര്‍ക്കി എന്ന കൃഷിക്കാരന്റെ ഫാമിൽ നിന്ന് മൂന്ന് ദിവസം മുന്പ് ശേഖരിച്ച സാമ്പിളുകൾ ഇന്ന് ട്രെയിനിൽ കയറ്റി അയക്കാനാണ് തീരുമാനം. പരിശോധന ഫലം വൈകാൻ ഇത് കാരണമാകും. പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. പക്ഷെ മറ്റു വഴിയില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപകം; പ്രതിരോധനടപടി വിലയിരുത്താൻ കേന്ദ്ര ഏഴം​ഗ സംഘം ജില്ലയിൽ

പക്ഷിപ്പനി പേടിയിൽ ആലപ്പുഴ; സാമ്പിൾ പരിശോധനയിൽ പ്രതിസന്ധി | Bird Flu | Alappuzha