കോഴിക്കോട്: കാട്ടുപോത്തിനെ വേട്ടയാടി കടത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ വനംവകുപ്പ് അധികൃതര്‍ക്ക് മുമ്പില്‍ കീഴടങ്ങി. കോടഞ്ചേരി നൂറാംതോട് സ്വദേശികളായ പടിഞ്ഞാറേടത്ത് പ്രമോദ് (45), നൂറാംതോട് ഓടലുമൂട്ടില്‍ അനീഷ് മാത്യു (34), നെല്ലിപ്പൊയില്‍ കൈത്തുങ്കര ബിജോ തോമസ് (34) എന്നിവരാണ് താമരശേരി റേഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്.

കേസില്‍ അഞ്ചു പേരെ നേരത്തെ വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമെ, കാട്ടുപോത്തിന്റെ 15 കിലോയോളം ഇറച്ചിയും അത് കടത്താന്‍ ഉപയോഗിച്ച വാഹനങ്ങളും വനപാലകര്‍ പിടിച്ചെടുത്തിരുന്നു. ഈ മാസം ഒന്നിനായിരുന്നു സംഭവം.

ഒളിവിലായിരുന്നവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി മുന്‍സിഫ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ ഹാജരാകാനായിരുന്നു കോടതി നിര്‍ദ്ദേശം. തുടര്‍ന്നാണ് മൂവരും താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് മുമ്പാകെ കീഴടങ്ങിയത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ മൂന്നുപേരെയും റിമാന്‍ഡ് ചെയ്തു.