വീട്ടിലും പൂഞ്ഞാറിൽ ഭാര്യ നടത്തിയിരുന്ന കടയിലുമായി ഏതാണ്ട് 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പിസി ജോർജ്ജ്

പൂഞ്ഞാർ: കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിലുണ്ടായ കനത്ത മഴയിൽ ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.സി.ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. വീട്ടിലും പൂഞ്ഞാറിൽ ഭാര്യ നടത്തിയിരുന്ന കടയിലുമായി ഏതാണ്ട് 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പിസി ജോർജ്ജ് വിശദമാക്കുന്നത്. പൂഞ്ഞാറിൽ താമസം തുടങ്ങിയിട്ട് 40 വർഷമായി ഇതിനിടെ ആദ്യമായാണ് ഇത്തരമൊരു അവസ്ഥയെന്നാണ് പി സി മഴക്കെടുതിയെക്കുറിച്ച് പ്രതികരിക്കുന്നത്. ഇന്നലെ പുലർച്ചെയോടെ വീട്ടിൽ വെള്ളം കയറി. വീടിനകത്ത് മൂന്നരയടിയോളം വെള്ളം കയറി. ഭാര്യയും മകനുമൊപ്പം രണ്ടാമത്തെ നിലയിലേക്ക് മാറിയെങ്കിലും വീട്ടിലെ ഉപകരണങ്ങൾ നശിച്ചു. 2 ഇന്നോവ കാറുകളിലും വെള്ളം കയറി. താഴത്തെ നിലയിലെ ഫർണിച്ചറുകൾ, രണ്ട് ഫ്രിഡ്ജുകൾ, വിലപിടിപ്പുള്ള ടിവി അടക്കമുള്ള എല്ലാ ഇലക്ട്രോണിക് സാധനങ്ങളും പൂർണ്ണമായും ചെളിവെള്ളത്തിൽ നശിച്ചു. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമാണ് അദ്ദേഹത്തിന്റെ വീട്ടിൽ മാത്രം ഉണ്ടായി. 

ഓണക്കാലം മുന്നിൽ കണ്ട് സാധനങ്ങൾ സ്റ്റോക്ക് ചെയ്തിരുന്ന ഈരാറ്റുപേട്ടയിലെ സാധാരണക്കാരായ വ്യാപാരികളുടെ അവസ്ഥയും സമാനമാണ്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഈരാറ്റുപേട്ടയിലെ കച്ചവടക്കാർക്ക് ഈ ഒറ്റ രാത്രികൊണ്ട് ഉണ്ടായിട്ടുള്ളത്. പച്ചക്കറി കടകൾ മുതൽ വലിയ ടെക്സ്റ്റൈൽ ഷോപ്പുകൾ, ചെരുപ്പുകടകൾ, പലചരക്ക് കടകൾ എന്നിവയിലെല്ലാം വെള്ളം കയറി സാധനങ്ങൾ മുഴുവൻ നശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം