രണ്ട് ദിവസം മുന്പ് മുതലപ്പൊഴിയിൽ നിന്ന് കാണാതായ ഫ്രീമോന്‍റെയും വിഴിഞ്ഞത്ത് നിന്ന് കാണാതായ ആൻറണിയുടെയും മൃതദേഹങ്ങളാണ് കിട്ടിയത്

മുതലപ്പൊഴി: തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് മല്‍സ്യത്തൊഴിലാളികളുടെ മൃതദേഹം കിട്ടി. രണ്ട് പേര്‍ക്കായി തെരച്ചിൽ തുടരുന്നു. മുതലപ്പൊഴിയിൽ നിന്ന് കാണാതായ ഫ്രീമോന്‍റെയും വിഴിഞ്ഞത്ത് നിന്ന് കാണാതായ ആൻറണിയുടെയും മൃതദേഹങ്ങളാണ് കിട്ടിയത്. കൊല്ലത്ത് നിന്ന് കാണാതായ രണ്ട് മത്സ്യതൊഴിലാളികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. മുതലപ്പൊഴിയിൽ വെള്ളിയാഴ്ച രാത്രി വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. മുതലപ്പൊഴയില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെ കണ്ണാന്തുറ തീരത്ത് ഫ്രീമോൻറെ മൃതദേഹം അടിയുകയായിരുന്നു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫ്രീമോൻറെ കൂടെയുണ്ടായിരുന്ന ഷിജിനെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതാകുന്നത്. 

ഉടൻ തന്നെ അധികൃതരെ വിവരം അറിയിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മാത്രമാണ് തെരച്ചിൽ ആരംഭിച്ചത്. അധികൃതർ നടപടി എടുക്കാത്തതിനെ തുടർന്ന് കാണാതായവരുടെ കുടുംബാംഗങ്ങളും നാട്ടുകാരും തീരദേശ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ഇടപെട്ടതിനുശേഷം ആണ് ഇന്നലെ ഉച്ചയോടെ തെരച്ചിൽ ആരംഭിച്ചത്. വിഴിഞ്ഞത്ത് നിന്ന് കാണാതായ ആൻറണിയുടെ മൃതദേഹം അടിമലത്തുറയിൽ നിന്നാണ് ലഭിച്ചത്. വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിന് വേണ്ടി നേവിയുടെ ബോട്ട് അടക്കം തെരച്ചില്‍ നടത്തുന്നുണ്ട്. കൊല്ലത്ത് കഴിഞ്ഞ ദിവസങ്ങളിൽ വള്ളം മറിഞ്ഞു കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുട‍‍ർന്നു. കടൽ പ്രക്ഷുബ്ധമായത് തെരച്ചിലിന് വെല്ലുവിളിയായി. 

പുത്തൻതുറ സ്വദേശി ഗൗതം കന്യാകുമാരി സ്വദേശി അർജുൻ എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഗൗതം സഞ്ചരിച്ച വെള്ളം നീണ്ടകരയിൽ നിന്ന് പുറപ്പെടുവെയാണ് അപകടത്തിൽ പെട്ടത്. വള്ളത്തിൽ ഉണ്ടായിരുന്ന ഗൗതമിന്റെ അച്ഛൻ രാധാകൃഷ്ണന്റെയും മറ്റൊരാളുടെയും മൃതദേഹം പിന്നീട് ലഭിച്ചു. തങ്കശ്ശേരിയിൽ നിന്ന് പോയ വള്ളം അപകടത്തിൽപ്പെട്ടാണ് കന്യാകുമാരി സ്വദേശി അർജുനെ കാണാതായത്. അർജുനൊപ്പം വള്ളത്തിൽ ഉണ്ടായിരുന്ന അഞ്ചു പേർ രക്ഷപ്പെട്ടിരുന്നു. കടൽ പ്രക്ഷുബ്ധമായി തുടരുന്നത് കാണാതായവരെ കണ്ടെത്താനുള്ള തെരച്ചിലിന് പ്രതിസന്ധിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം