വി കെ പ്രശാന്ത് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതോടെ തിരുവനന്തപുരം നഗരസഭയിൽ അടുത്ത മേയറെ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ സജീവമാണ്. ആർക്കും ഭൂരിപക്ഷമില്ലാത്ത നഗരസഭയിൽ മേയർ തെരഞ്ഞെടുപ്പ് എൽഡിഎഫിന് വലിയ കടമ്പയാണ്
തിരുവനന്തപുരം: അടുത്ത തിരുവനന്തപുരം മേയര്‍ ആരാകണമെന്ന അനിശ്ചിതത്വത്തിനിടെ, നഗരസഭ ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ബിജെപിയുടെ നീക്കം. മാലിന്യസംസ്കരണത്തിൽ വീഴ്ചവരുത്തിയതിന് മലിനീകരണ നിയന്ത്രണ ബോർഡ് പിഴ ഈടാക്കിയത് മുൻനിർത്തിയാണ് ബിജെപിയുടെ പ്രതിഷേധം. ഭരണസമിതി അംഗങ്ങളിൽ നിന്ന് പിഴത്തുക ഈടാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം,
വി കെ പ്രശാന്ത് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതോടെ തിരുവനന്തപുരം നഗരസഭയിൽ അടുത്ത മേയറെ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ സജീവമാണ്. ആർക്കും ഭൂരിപക്ഷമില്ലാത്ത നഗരസഭയിൽ മേയർ തെരഞ്ഞെടുപ്പ് എൽഡിഎഫിന് വലിയ കടമ്പയാണ്. ഈ ചർച്ചകൾ തുടരുന്നതിനിടെയാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ ബിജെപി, ഭരണസമിതിക്കെതിരെ പ്രതിഷേധം കടുപ്പിക്കുന്നത്.
മാലിന്യസംസ്കരണത്തിൽ വീഴ്ച വരുത്തിയതിന് 14.56 കോടി രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മലിനീകരണ ബോർഡ് തിരുവനന്തപുരം നഗരസഭയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഈ വിവരം കൗൺസിലിൽ നിന്നും മറച്ചുവച്ചെന്ന് ആരോപിച്ചാണ് ബിജെപി കൗൺസിലർമാർ നഗരസഭയ്ക്ക് മുമ്പിൽ ധർണ നടത്തിയത്. ഡെപ്യൂട്ടിമേയറും ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാനും രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിനിടെയുള്ള മാലിന്യ സംസ്കരണ ബോർഡിന്റെ നടപടി, ഇടതുമുന്നണിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ആയുധമാക്കിയിരുന്നു. നോട്ടീസ് കിട്ടിയിട്ടില്ലെന്ന് വാദിച്ചാണ് സിപിഎം ഇതിനെ പ്രതിരോധിച്ചത്. വിഷയം ചർച്ച ചെയ്യാനായി, ബിജെപി ആവശ്യപ്പെട്ട പ്രകാരം ഈ മാസം 11ന് ചേർന്ന കൗൺസിൽ യോഗത്തിലും ഭരണകക്ഷി ഇതുതന്നെ ആവർത്തിച്ചു. നഗരസഭ നോട്ടീസ് കൈപ്പറ്റിയതിന്റെ തെളിവുകൾ പുറത്തുവന്നതോടെയാണ് ബിജെപി പ്രതിഷേധം കടുപ്പിച്ചത്. എന്നാൽ നോട്ടീസ് കൈപ്പറ്റിയ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്ന് ആരോപിച്ച് അഞ്ച് ഉദ്യോഗസ്ഥർക്ക് നഗരസഭ കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
