13 വര്‍ഷമായി കോളനി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ടാര്‍മിക്‌സിങ് പ്ലാന്റിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് എല്ലാ വീടുകള്‍ക്ക് മുന്നിലും കരിങ്കൊടി ഉയര്‍ത്തിയിട്ടുണ്ട്.

കല്‍പ്പറ്റ: നീലഗിരിയില്‍ നാലു നഗരസഭകളിലും 11 നഗരപഞ്ചായത്തുകളിലും ഫെബ്രുവരി 19-ന് തിരഞ്ഞെടുപ്പ് നടക്കുകയാണ്. പതിവുപോലെ നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ചര്‍ച്ച. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് ഗൂഢല്ലൂര്‍ ദേവാലയിലെ പോക്കര്‍ കോളനിയില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നത്. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും വോട്ടില്ലെന്നാണ് ഇവിടെയുള്ള 300 കുടുംബങ്ങള്‍ വ്യക്തമാക്കുന്നത്. 

13 വര്‍ഷമായി കോളനി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ടാര്‍മിക്‌സിങ് പ്ലാന്റിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് എല്ലാ വീടുകള്‍ക്ക് മുന്നിലും കരിങ്കൊടിയും ഉയര്‍ത്തിയിട്ടുണ്ട്. പത്തിലധികം വര്‍ഷമായി ഇതേ ആവശ്യം പ്രദേശവാസികള്‍ ഉന്നയിക്കുന്നുണ്ട്. പന്തല്ലൂര്‍ താലൂക്ക് നെല്ലിയാളം നഗരസഭാ പരിധിയിലാണ് പോക്കര്‍ കോളനി സ്ഥിതി ചെയ്യുന്നത്. കോളനിയിലുള്ളവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടാര്‍മിക്‌സിങ് പ്ലാന്റിനെതിരെയുള്ള പ്രതിഷേധം. 300 കുടുംബങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സമരനേതാക്കളെ ആര്‍.ഡി.ഒ ചര്‍ച്ചക്ക് വിളിച്ചിരുന്നു. 

ഊട്ടി, കൂനൂര്‍, ഗൂഡല്ലൂര്‍, നെല്ലിയാളം എന്നീ നഗരസഭകളിലേക്കും അടികരട്ടി, പിക്കട്ടി, ദേവര്‍ഷോല, ഉളിക്കല്‍, ജെഗതല, ഖേത്തി, കീഴ്കുന്ത, കോത്തഗിരി, നടുവട്ടം, ഓവേലി, സോളൂര്‍ എന്നീ 11 നഗരപഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി നാലുവരെ നാമനിര്‍ദേശപത്രിക നല്‍കാം. അഞ്ചിനായിക്കും സൂക്ഷ്മപരിശോധന നടക്കുക. ഏഴിനാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. 22-ന്് വോട്ടെണ്ണല്‍ നടക്കും. ഊട്ടി അസംബ്ലിമണ്ഡലത്തിലെ ഏറ്റവും കൂടുതല്‍ വോട്ടുള്ള ഗോഡപ്പമണ്ഡു മുനിസിപ്പല്‍ ഹൈസ്‌കൂള്‍ പോളിങ് സ്റ്റേഷനില്‍ 1491 വോട്ടര്‍മാരാണുള്ളത്. ഗൂഡലൂര്‍ നാലാംമൈല്‍ പഞ്ചായത്ത് യൂണിയന്‍ പ്രൈമറി സ്‌കൂള്‍ പോളിങ് ബൂത്തില്‍ 1535 പേരാണുള്ളത്. കൂനൂര്‍ മണ്ഡലത്തില്‍ കൂനൂര്‍ ഭാരതി സ്റ്റേഷന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് പോളിങ് ബൂത്തില്‍ 1410 വോട്ടര്‍മാരാണുള്ളത്.