പാലക്കാട്: ജില്ലയിൽ വൻ കുഴൽപ്പണവേട്ട. ശനിയാഴ്ച പുലർച്ചെ ആറുമണിയോടെ ചെന്നൈ-മംഗലാപുരം എക്പ്രസിൽ കടത്തിക്കൊണ്ടുവന്ന 80 ലക്ഷം രൂപ റെയിൽവെ പൊലീസ് പിടികൂടി. കേസിൽ മലപ്പുറം വേങ്ങര സ്വദേശികളായ മുഹമ്മദ് ഷെഫീഖ്, അബ്ദുൾ ഖാദർ എന്നിവരെ അറസ്റ്റ് ചെയ്തു.

കാട്പാടിയിൽ നിന്നാണ് ഇവർ ട്രെയിനിൽ കയറിയത്. മലപ്പുറത്തെത്തിക്കാനുളള പണമാണെന്ന് മാത്രമേ ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുളളൂ. തമിഴ്നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച സംഘമാണ് ഇവർക്ക് പിന്നിലെന്നാണ് സൂചന. കേസിൽ എൻഫോഴ്സ്മെന്റും ഐബിയും അന്വേഷണം തുടങ്ങിയതായി റെയിൽവെ പൊലീസ് എസ് ഐ രമേഷ്കുമാർ പറഞ്ഞു.

ഒരിടവേളക്ക് ശേഷം വീണ്ടും പാലക്കാട് വഴി കുഴൽപ്പണം ഒഴുകുന്നെന്നാണ് പൊലീസിന്റ കണ്ടെത്തൽ. ഒരാഴ്ചക്കിടെ ഇത് രണ്ടാംതവണയാണ് ട്രെയിൻ മാർഗ്ഗം കടത്തിക്കൊണ്ടുവന്ന പണം പിടികൂടുന്നത്. കഴിഞ്ഞയാഴ്ച 88 ലക്ഷം രൂപയുമായി രണ്ട് മലപ്പുറം സ്വദേശികളെ റെയിൽവെ പൊലീസ് പിടികൂടിയിരുന്നു.

ഇതുകൂടാതെ വടക്കൻ കേരളത്തിലെ ഇവരുടെ കണ്ണികളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൂടുതൽ കുഴൽപ്പണമൊഴുകാൻ സാധ്യതയുളളതിനാൽ പ്രത്യേക നിരീക്ഷണത്തിലാണ് പൊലീസ്. ഓണക്കാലത്ത് മാത്രം എട്ടുകിലോ സ്വർണവും 23കിലോ കഞ്ചാവും ഒലവക്കോട്  റെയിൽവെ സ്റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു.