Asianet News MalayalamAsianet News Malayalam

മകളുടെ കല്യാണത്തിന് പണം വാങ്ങി, മുഴുവൻ തിരിച്ചടച്ചിട്ടും ഭീഷണി; ബ്ലേഡ് മാഫിയ ദളിത് കുടുംബത്തെ ആക്രമിച്ചു, കേസ്

മൂന്ന് വർഷം മുമ്പ്   മകളുടെ വിവാഹ ആവശ്യത്തിനായി ഉളുപ്പുണി സ്വദേശിയായ പ്ലാക്കൂട്ടത്തിൽ ജോസഫ് ചാക്കോയുടെ പക്കൽ നിന്നും സ്ഥലം ഇടിൻമേൽ മൂന്ന് ലക്ഷം രൂപ പലിശക്ക് വാങ്ങിയിരുന്നു. പണവും പലിശയും നൽകിയിട്ടും സ്ഥലം തിരികെ നൽകിയില്ലെന്നാണ് സോമൻ പറയുന്നത്. 

blade mafia attacks dalit family in idukki vagamon vkv
Author
First Published Nov 9, 2023, 12:22 AM IST

മൂന്നാർ: ഇടുക്കി വാഗമൺ ഉളുപ്പൂണിയിൽ ബ്ലേഡ് മാഫിയാ സംഘം ദളിത് കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ചു. ഉളുപ്പുണി ലക്ഷ്മി ഭവനിൽ ആർ സോമനെയും ഭാര്യ പുഷ്പയെയുമാണ് ബ്ലേഡ് മാഫിയ സംഘം അക്രമിച്ചത്. ദളിത് കുടുംബത്തെ അക്രമിക്കാനെത്തിയവരെ വാഹനം തടഞ്ഞ് നാട്ടുകാർ പൊലീസിലേൽപ്പിച്ചു. മൂന്ന് വർഷം മുമ്പ് സോമന്റെ മകളുടെ വിവാഹ ആവശ്യത്തിനായി ഉളുപ്പുണി സ്വദേശിയായ പ്ലാക്കൂട്ടത്തിൽ ജോസഫ് ചാക്കോയുടെ പക്കൽ നിന്നും സ്ഥലം ഇടിൻമേൽ മൂന്ന് ലക്ഷം രൂപ പലിശക്ക് വാങ്ങിയിരുന്നു. പണവും പലിശയും നൽകിയിട്ടും സ്ഥലം തിരികെ നൽകിയില്ലെന്നാണ് സോമൻ പറയുന്നത്. 

ഈടു നൽകിയ വസ്തുവിൽ പ്രവേശിക്കരുതെന്ന് കാണിച്ച് ജോസഫും സോമനും കോടതിയിൽ നിന്നും ഉത്തരവ് സമ്പാദിച്ചിരുന്നു. ഇതേ തുടർന്ന് ഇരു കൂട്ടരും തമ്മിൽ തർക്കങ്ങളും നിലനിന്നിരുന്നു. ജോസഫ് ചാക്കോ പല തവണ സോമനോടും കുടുംബത്തോടും മാറി താമസിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാൽ വീടൊഴിഞ്ഞില്ല. ബുധനാഴ്ച ഉച്ചയോടു കൂടി ജോസഫ് ചാക്കോയും സംഘവും നാല് വാഹനങ്ങളിൽ സോമന്റെ വീട്ടിലെത്തി. ഇവരെ മർദ്ദിച്ച ശേഷം വീട്ടുപകരണങ്ങളും വാതിലും തല്ലിത്തകർത്തു. ഭിന്നശേഷിക്കാരിയായ മകളെ മർദ്ദിച്ചെന്നും പരാതിയുണ്ട്.

തിരികെ മടങ്ങുന്നതിനിടെ വാഗമണ്ണിനു സമീപം വച്ച് നാട്ടുകാർ ഇവരുട വാഹനം തടഞ്ഞത് സംഘർഷത്തിനു കാരണമായി. കൂടുതൽ പ്രദേശവാസികളെത്തി വാഹനം തടഞ്ഞു വച്ചാണ് ജോസഫ് ചാക്കോയുൾപ്പെടെ ആറുപേരെ പൊലീസിനു കൈമാറിയത്. രണ്ടു വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിത പലിശക്ക് പണം നൽകിയതിന് മുമ്പ് ഇയാൾക്കെതിരെ രണ്ടു കേസുകൾ വാഗമൺ പൊലീസ് എടുത്തിട്ടുണ്ട്. 

Read More :  ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പോക്സോ കേസ് പ്രതിയായ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് ഒടുവിൽ സസ്പെൻഷൻ

Follow Us:
Download App:
  • android
  • ios