നിരവധി പേരാണ് പലിശക്കാരുടെ കെണിയില്‍ പെട്ടിരിക്കുന്നത്. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസ പലിശ 10,000 രൂപയാണ്. രാവിലെ കൊടുക്കേണ്ട പലിശ വൈകീട്ടേക്ക് നീണ്ടാല് പലിശ പിന്നെയും കൂടും. 

തൃശൂര്‍: ചേലക്കരയില്‍ (Chelakkara) പലിശ സംഘങ്ങള്‍ (Blade Mafia) സജീവം. പലിശ മുടങ്ങിയാല്‍ വധഭീഷണിയും വീട്ടില്‍ കയറി അസഭ്യം പറച്ചിലും. പലിശക്കാരെ പേടിച്ച് നിരവധി പേരാണ് നാടുവിട്ടത്. പലിശക്കാരുടെ ആക്രമണം സഹിക്ക വയ്യാതെ ചേലക്കര പൊലീസ് സ്റ്റേഷനില്‍ നിരവധി പേരാണ് പരാതിയുമായെത്തുന്നത്. ചേലക്കര പുലാക്കോട് സ്വദേശി വിനോദ് പ്രദേശവാസിയായ അനിലില്‍ നിന്ന് രണ്ടു വര്‍ഷം മുമ്പ് മൂന്നര ലക്ഷം രൂപ പലിശക്ക് കടമെടുത്തു. ഇതുവരെ പലിശയിനത്തില്‍ മാത്രം അടച്ചത് 10 ലക്ഷം രൂപ. ഡിസംബറില്‍ പലിശ മുടങ്ങിയതോടെ പലിശക്കാര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് വിനോദ് പറയുന്നു.

കഷ്ടപ്പെട്ട് മാസപലിശ അടച്ചിരിക്കുന്നവര്‍ക്ക് കൊവിഡാണ് ഭീഷണിയായത്. ഇതുപോലെ പെട്ടുപോയ ആളാണ് ജ്യോതിഷ്. 1.22 ലക്ഷം രൂപ വായ്പക്ക് ഒരു വര്‍ഷത്തിനുള്ളില്‍ അടച്ചത് 1.44 ലക്ഷം രൂപ പലിശ. പലിശ മുടങ്ങിയതോടെ നാട്ടില്‍ നില്‍ക്കാനാകാത്ത അവസ്ഥയിലായി. 

ഇതുപോലെ നിരവധി പേരാണ് പലിശക്കാരുടെ കെണിയില്‍ പെട്ടിരിക്കുന്നത്. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസ പലിശ 10,000 രൂപയാണ്. രാവിലെ കൊടുക്കേണ്ട പലിശ വൈകീട്ടേക്ക് നീണ്ടാല് പലിശ പിന്നെയും കൂടും. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പുലാക്കോട് സ്വദേശി അനിലിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിരവധി രേഖകളും കണ്ടെടുത്തു. പൊലീസ് കര്‍ശന നടപടി തുടങ്ങിയതോടെ പലിശക്കാരെ പേടിച്ച് നാടു വിട്ടവര് തിരിച്ചെത്തി പരാതിയുമായി എത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ രജിസ്ടര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.