ദേശീയപാതയിലെ നിയമലംഘനം തടയുന്നതിലും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് ദുരന്തത്തിന് കാരണമെന്നും, സ്വന്തം വീഴ്ച മറച്ചുവെക്കാനാണ് ഈ പഴിചാരലെന്നും അദ്ദേഹം ആരോപിച്ചു.
തൃശൂര്‍: തൃശൂരിലുണ്ടായ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ മറച്ചുവെച്ച് കേന്ദ്ര സര്‍ക്കാരിന്റെ മേല്‍ കുറ്റം ചുമത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അപലപനീയമാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. എട്ട് വിദ്യാര്‍ഥികളുടെ ജീവന്‍ നഷ്ടപ്പെട്ട ദുരന്തത്തില്‍ കേരളം മുഴുവന്‍ ദു:ഖത്തിലായിരിക്കെ, അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കുന്നതിന് പകരം കുറ്റം മറ്റുള്ളവരുടെ മേല്‍ ചുമത്താനുള്ള സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ദേശീയപാത നിര്‍മ്മാണം കേന്ദ്ര സര്‍ക്കാരിന്റെ ചുമതലയാണെങ്കിലും, ദേശീയപാതയില്‍ പട്രോളിംഗ് നടത്തുക, അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക എന്നിവ സംസ്ഥാന പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും ഉത്തരവാദിത്വമാണ് അതില്‍ വീഴ്ച വരുത്തിയതിന്റെ പരിണിതഫലമാണ് എട്ട് വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍ണായകമായ റോഡ് ഭാഗത്ത് വലിയ വാഹനം അനധികൃതമായി പാര്‍ക്ക് ചെയ്തിട്ടും അത് കണ്ടെത്തി നീക്കം ചെയ്യുന്നതില്‍ സംസ്ഥാന ട്രാഫിക് സംവിധാനത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. എ.ഐ. ക്യാമറകളിലൂടെ വാഹനങ്ങളില്‍ നിന്ന് പിഴ ഈടാക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും, അതേസമയം റോഡുകളില്‍ ഗുരുതരമായ നിയമലംഘനം നടത്തുന്ന ഭാരവാഹനങ്ങള്‍ക്കെതിരെ സമയബന്ധിതമായി നടപടി സ്വീകരിക്കാ തിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഗതാഗത നിയമങ്ങള്‍ നടപ്പാക്കുന്നതിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം.
സ്വന്തം വീഴ്ചകള്‍ മറച്ചുവെക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന രാഷ്ട്രീയ സമീപനം അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ യഥാര്‍ഥ ഉത്തരവാദിത്വം ഏറ്റെടുക്കണം. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത് പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതില്‍നിന്ന് ഒഴിഞ്ഞുമാറുന്ന സര്‍ക്കാരിനെയല്ല, നിയമം കൃത്യമായി നടപ്പാക്കി പൗരന്മാരുടെ ജീവനും സുരക്ഷയും ഉറപ്പാക്കുന്ന ഉത്തരവാദിത്വമുള്ള സര്‍ക്കാരിനെയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.


