Asianet News MalayalamAsianet News Malayalam

കോഴിക്കോട് അത്തർ വിൽപ്പനക്കാരനായ കാഴ്ച പരിമിതനെ കബളിപ്പിച്ച് പണവും മൊബൈൽ ഫോണും അത്തറും കവർന്നു

വർഷങ്ങളായി കോഴിക്കോടും പരിസരത്തും അത്തർ കച്ചവടം നടത്തുന്നയാളാണ് കബളിപ്പിക്കപ്പെട്ട അബ്ദുൾ അസീസ്

Blind street vendor cheated at Kozhikode
Author
Kozhikode, First Published Apr 26, 2022, 11:54 PM IST

കോഴിക്കോട്: കാഴ്ചപരിമിതനെ സഹായിക്കാനെന്ന വ്യാജേന എത്തിയ ആൾ പണവും മൊബൈൽ ഫോണുമടക്കം കവർന്നു. കാസർകോട് സ്വദേശി അബ്ദുൾ അസീസാണ് തട്ടിപ്പിനിരയായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ, കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം.

വർഷങ്ങളായി കോഴിക്കോടും പരിസരത്തും അത്തർ കച്ചവടം നടത്തുന്നയാളാണ് കബളിപ്പിക്കപ്പെട്ട അബ്ദുൾ അസീസ്. റോഡ് മുറിച്ചു കടക്കാൻ ബുദ്ധിമുട്ടുകയായിരുന്ന അസീസിനെ, സഹായിക്കാനെന്ന വ്യാജേനയാണ് മോഷ്ടാവെത്തിയത്. തുടർന്ന് റോഡ് മുറിച്ചു കടന്ന ശേഷം, ലീലാഹുൽ മസ്ജിദിന് സമീപം വച്ച് ബാഗും ഫോണുമടക്കം വാങ്ങി നിസ്കാരത്തിനായി അബ്ദുൾ അസീസിനെ പറഞ്ഞയച്ചു. തിരിച്ചെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം കാഴ്ചപരിമിതനായ അസീസ് അറിയുന്നത്. 

തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസിനെ സമീപിച്ചു. ബാഗിൽ വിൽപ്പനയ്ക്കുളള അത്തറിനൊപ്പം 20000രൂപയും ഉണ്ടായിരുന്നു. 5000 രൂപയിലേറെ വിലവരുന്ന അത്തറാണ് നഷ്ടമായതെന്നും അസീസ് പറയുന്നു. മൊബൈൽഫോണും മോഷ്ടാവ് കൈക്കലാക്കി. അസീസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ടൗൺ പൊലീസ് അന്വേഷണം തുടങ്ങി.  മോഷണം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആളെ തിരിച്ചറിയാനുളള ശ്രമത്തിലാണ് പൊലീസ്. അസീസിന്ർറെ കവർച്ച ചെയ്യപ്പെട്ട മൊബൈൽഫോൺ ടവർ ലൊക്കേഷന്റെ അടിസ്ഥാനത്തിലും അന്വേഷണം നടക്കുന്നുണ്ട്. കാസർകോട് സ്വദേശിയാണെങ്കിലും വർഷങ്ങളായി കൊണ്ടോട്ടിയിലാണ് അബ്ദുൾ അസീസിന്‍റെ താമസം.

Follow Us:
Download App:
  • android
  • ios